
മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബി. ഉണ്ണിക്കൃഷ്ണന്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവരെയെല്ലാം വച്ച് ഉണ്ണിക്കൃഷ്ണന് മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, ദിലീപ് നായകനായ കോടതി സമക്ഷം ബാലന് വക്കീല്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകന്റെ കരിയറിലെ വലിയ വിജയങ്ങളായിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ് ഒടുവില്‍ റിലീസ് ആയത്.
ഇപ്പോള്‍ പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഉണ്ണികൃഷ്ണന് . ഭീഷ്മ പര്‍വ്വം രചയിതാവായ ദേവദത് ഷാജി തിരക്കഥ രചിക്കുന്ന ചിത്രമാണതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു സൂപ്പര്‍ താരം നായകനായി എത്തുമെന്നും മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നീ നടന്മാരുടെ പേരുകളും അതിനൊപ്പം കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ എഴുത്ത് ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കാസ്റ്റിംഗിലേക്ക് കിടക്കുന്നതേയുള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുകയാണ് രചയിതാവ് ദേവദത് ഷാജി. ‘‘ശ്രീ. ബി.ഉണ്ണികൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചർച്ചകളും പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണ്....’’ എന്നാണ് ദേവ്ദത്ത് കുറിച്ചത്.






