
തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.
സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നവകേരള സദസിന് ഇന്ന് കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ തുടക്കമാവും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.






