
കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ അതീവസുരക്ഷാജയിലായ വിയ്യൂരില്‍ 'അതീവസുരക്ഷ' പേരില്‍ മാത്രം! തടവുകാര്‍ തമ്മില്‍ അടിക്കടി സംഘര്‍ഷമുണ്ടാകുമ്പോഴും നിയന്ത്രിക്കാന്‍ ആവശ്യത്തിനു ജീവനക്കാരില്ല. ഗുണ്ടാത്തലവന് മരട് അനീഷിനെ സഹതടവുകാരന് ആക്രമിച്ചതു ജയില്‍ അധികൃതരുടെ മുന്നിലാണ്. തടയാന്‍ ശ്രമിച്ച ജയില്‍ ജീവനക്കാര്‍ക്കും പരുക്കേറ്റു.
മേല്‍നോട്ടത്തിന് ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണു പ്രധാനപ്രശ്നം. സംഘര്‍ഷസാധ്യത അറിഞ്ഞാലും തുടക്കത്തിലേ നിയന്ത്രിക്കാനാവുന്നില്ല. തടവുകാരുടെ എണ്ണം വര്ധിക്കുന്നതനുസരിച്ചു ജീവനക്കാരെ നിയമിക്കുന്നില്ല. തടവുകാരില്‍ മിക്കവരും അസംതൃപ്തരാണ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരില്‍ മോചനം കാത്തുകഴിയുന്ന നിരവധിപ്പേരുണ്ട്. മോചനം െവെകാന്‍ കാരണം ജയില്‍ അധികൃതരാണെന്ന് ഇവര്‍ കരുതുന്നതും സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നു.
സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ തൊട്ടടുത്ത സെന്‍ട്രല്‍ ജയിലിലെയും ജില്ലാജയിലിലെയും ജീവനക്കാരുടെ സഹായം തേടാറുണ്ട്. എന്നാല്‍, അവരെത്തുമ്പോഴേക്കു കാര്യങ്ങള്‍ െകെവിടുന്നു. 500 തടവുകാരെ ഉള്‍ക്കൊള്ളാവുന്ന വലിയ കെട്ടിടമുണ്ടെന്നല്ലാതെ, അക്രമകാരികളായ തടവുകാരെ പാര്‍പ്പിക്കാന്‍ തക്ക സുരക്ഷാസൗകര്യമില്ല. ജില്ലാ ജയിലിലെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് അതീവസുരക്ഷാജയിലിലും.
എട്ട് സെക്യൂരിറ്റി പ്രിസണ്‍ ഓഫീസര്‍മാരും 31 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്മാരുമുണ്ടെങ്കിലും അവധിയും ഷിഫ്റ്റും പ്രകാരം 15-ല്‍ താഴെ ഉദ്യോഗസ്ഥരേ ഡ്യൂട്ടിയിലുണ്ടാകൂ. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ 9.5 ഏക്കറില്‍ 1.10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അതീവസുരക്ഷാജയിലില് 192 സെല്ലുകളാണുള്ളത്.
യു.എ.പി.എ. ഉള്‍പ്പെടെ ചുമത്തപ്പെട്ട പ്രതികളെയാണ് അതീവസുരക്ഷാജയിലില് പാര്‍പ്പിക്കേണ്ടത്. എന്നാല്‍, ഉന്നതസ്വാധീനമുള്ള ചില കേസുകളിലെ പ്രതികളെയും ഇവിടേക്കു മാറ്റുന്നതായി ആരോപണമുണ്ട്. മറ്റ് ജയിലുകളെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളതു ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയെപ്പോലുള്ളവര് വിഹരിക്കാന്‍ കാരണമാകുന്നു. കഴിഞ്ഞ ആറിന് ജയിലില്‍ കലാപശ്രമം നടത്തിയതിനു സുനി ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിരുന്നു. സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കും ഒരു തടവുകാരനും പരുക്കേറ്റു.
അഭിഭാഷകനെ കാണാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് വിയ്യൂര്‍ അതീവസുരക്ഷാജയില് സൂപ്രണ്ടിനെതിരേ പുരാവസ്തുത്തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കല്‍ െഹെക്കോടതിയെ സമീപിച്ചു. അഭിഭാഷകനുമായി സംസാരിക്കുന്നതു വിലക്കാന്‍ നിലവില്‍ ചട്ടമില്ലെന്നാണു മോന്‍സന്റെ വാദം. അടിയന്തരമായി മറുപടി നല്കാന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഇന്നു പരിഗണിക്കും.






