
കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസിന്റെ് വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായ അഭി വിക്രം, ഫെന്നി നൈനാന്, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ അറസ്റ്റിലായവര്‍.
വ്യാജന്മാർ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആകുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. വി ഡി സതീശൻ അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഇപ്പോൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ഡി വൈ എഫ് ഐ ആരെയും ആക്രമിക്കുന്നവരല്ലെന്നും പറഞ്ഞു.
കണ്ണൂര്‍ പഴയങ്ങാടിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന ആളുകളെ തടയുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തത്. ജനക്കൂട്ടത്തോട് പ്രകോപനപരമായി ഇടപെട്ടപ്പോൾ ഉണ്ടായ പ്രതികരണമാണ് പഴയങ്ങാടിയിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടത്തിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമാണ് പഴയങ്ങാടിയിലേതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പഴയങ്ങാടിയിൽ പിന്നെ എന്തൊക്കെ നടന്നു എന്ന് അറിയില്ല. വാഹനത്തിന് മുന്നിലേക്ക് ആളുകൾ ചാടി വീണപ്പോൾ അവരെ രക്ഷപ്പെടുത്തിയതിനെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത്. അല്ലാതെ തലക്കടിച്ചതിനെ കുറിച്ചല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.






