
ഐ.എഫ്.എഫ്.കെയിലെ 28ാമത് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പോളിഷ് നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് നല്‍കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
മേളയില്‍ സനൂസിയുടെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദ ഇല്യുമിനേഷന്‍, പെര്‍ഫക്റ്റ് നമ്പര്‍, ദ കോണ്ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന് ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിശാഗന്ധിയില്‍ ഡിസംബര്‍ 15ന് നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിലാകും പുരസ്കാരം സമ്മാനിക്കുക.
സനൂസിയുടെ ചിത്രങ്ങള്‍ പ്രധാനമായും മരണം, ജീവിതം, ധാര്‍മ്മികത, വിശ്വാസം, സ്വാതന്ത്ര്യം, അസ്തിത്വം, വാര്‍ധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് . 1939ല്‍ വാഴ്സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്സിലെ നാഷണല്‍ ഫിലിം സ്കൂളില്‍ നിന്ന് ബിരുദം നേടി. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം 'ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍' പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഫാമിലി ലൈഫ് (1970), ദ ഇല്യുമിനിഷേന്‍ (1973), കമോഫ്ളാഷ് (1976),സ്പൈറല്‍ (1978) എന്നിവ ഇതില്‍പ്പെടുന്നു. 'ലൈഫ് ഈസ് എ ഫാറ്റല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ് (1999), ഫോറിന് ബോഡി (2014), എഥര്‍ (2018), ദ പെര്‍ഫക്റ്റ് നമ്പര്‍ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍.






