
ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും പ്രവാസിയായി മലയാളിയുണ്ടെന്ന് നോർക്ക . ലോകത്തുതന്നെ ഇത്രയും രാജ്യങ്ങളിൽ പ്രവാസികളായി താമസിക്കുന്ന മറ്റൊരു ജനതയുണ്ടാകില്ല.
യുഎൻ ലോകത്ത് 193 രാജ്യങ്ങളാണ് അംഗീകരിച്ചത്. അതിൽ 182 രാജ്യങ്ങളിലും പ്രവാസിയായി മലയാളികളുണ്ട്. കൂടുതല്‍ പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് . യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നതെന്ന് നോർക്കയുടെ രജിസ്ട്രേഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 -2022 കാലഘട്ടത്തിലെ ഐഡി രജിസ്ട്രേഷൻ രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്.
നോർക്കയിൽ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളായി 436960 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 180465 പേർ യുഎഇയിലാണ്. സൗദി അറേബ്യയിൽ 98783 പേരും ഖത്തറിൽ 53463 മലയാളികളും ജോലി ചെയ്യുന്നു. റഷ്യയിൽ 213 മലയാളികൾ പ്രവാസികളായി ജീവിക്കുമ്പോൾ യുക്രൈനിൽ 1227 മലയാളികളാണുള്ളത്. കാനഡയില്‍ 954 മലയാളികളും ജോലി ചെയ്യുന്നു.
പലസ്തീനിൽ നാല് മലയാളികളും ഇസ്രയേലിൽ 1036 മലയാളികളും നോർക്ക രേഖ പ്രകാരമുണ്ട്. അമേരിക്കയിൽ 914 മലയാളികൾ താമസിക്കുന്നു. ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചൈനയിലേക്ക് 573 മലയാളികളാണ് പോയിരിക്കുന്നത്.





