
കൊച്ചി: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിയ്ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന് പ്രഖ്യാപിച്ചു. പരിക്ക് മാറി തിരിച്ചെത്തിയ മാര്‍കോ ലെസ്കോവിച്ച് ആദ്യ ഇലവനിൽ ഇടംനേടിയില്ല. സസ്പെന്ഷന് കാരണം സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് ഇന്ന് ടീമിലില്ല. അതേസമയം സസ്പെന്ഷന് കഴിഞ്ഞെത്തിയ പ്രബീര്‍ ദാസും മിലോസ് ഡ്രിന്‍സിച്ചും സ്ക്വാഡില്‍ മടങ്ങിയെത്തി. മിലോസ് ആദ്യ ഇലവനില്‍ ഇറങ്ങും. പ്രബീറും ലെസ്കോവിച്ചും ബെഞ്ചിലുണ്ട്.
ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ലൂണയുടെ 50-ാമത് ഐഎസ്എല്‍ മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് നിര. ലീഗിൽ ആറു മത്സരങ്ങൾ കളിച്ചിട്ടും ഒരു വിജയം പോലുമില്ലാതെയാണ് ഹൈദരാബാദ് എഫ് സി എത്തുന്നത്. ആറു മത്സരങ്ങളിൽ നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്. ഇന്നത്തെ വിജയത്തോടെ പോയിന്റ് ടേബിളിൽ മുന്നേറ്റമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.





