
ഇന്ത്യയില്‍ CB300R മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആവേശകരമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന്റെ ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ ഹെല്‍മറ്റ് നല്‍കുന്നതാണ് ഓഫര്‍. എന്നാല്‍ ബൈക്കുകളുടെ കൂടെ സൗജന്യമായി നല്കുന്ന ഹെല്‍മറ്റല്ല മറിച്ച് നല്ല നിലവാരമുള്ള ഹെല്‍മെറ്റുകളാണ് നല്‍കുന്നത്.
ഹോണ്ട ഓഫറിന് സമയപരിധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജാപ്പനീസ് വാഹന നിര്‍മ്മാതാവ് 1,000 ഹോണ്ട CB300R മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് വരെ ഈ ഓഫര്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളിലൂടെയാണ് CB300R വില്‍പ്പനക്കെത്തിക്കുന്നത്. ഏറ്റവും പുതിയ ബിഎസ് VI OBD2A മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുത്തന്‍ എഞ്ചിനുമായാണ് മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. നിയോ സ്പോര്‍ട്സ് കഫേ റോഡ്സ്റ്ററിന് ജാപ്പനീസ് ടൂവീലര്‍ നിര്‍മാതാക്കള്‍ 2.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഉത്സവകാലത്ത് വില്‍പ്പന കൂട്ടാനായി ബൈക്കിന്റെ വിലയില്‍ കമ്പനി 37,000 രൂപയുടെ കുറവ് വരുത്തിയിരുന്നു.
പേള്‍ സ്പാര്ട്ടന് റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ 2023 ഹോണ്ട CB300R വാങ്ങാന്‍ സാധിക്കും. 30.7 bhp പവറും 27.5 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന പരിചിതമായ 286 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2023 ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കിയിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഇതിനൊപ്പം വരുന്നുണ്ട്. ഇത് ഗിയര്‍ഷിഫ്റ്റുകള്‍ സുഗമമാക്കുകയും വേഗത കുറയ്ക്കുമ്പോള്‍ ഹാര്‍ഡ് ഡൗണ്‍ ഷിഫ്റ്റുകളില്‍ റിയര്‍ വീല്‍ ലോക്ക്-അപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. സ്പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ ഹോണ്ട CB300R മോട്ടോര്‍സൈക്കിളിന് അല്‍പ്പം പവര്‍ കുറവാണെന്ന് തോന്നിയേക്കാം. എന്നാല്‍, ഹോണ്ട CB300R യഥാര്‍ത്ഥത്തില്‍ വളരെ ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്. ടിപ്പിംഗ് സ്കെയില്‍സ് വെറും 146 കിലോഗ്രാം ആണ്. ഈ ഭാരം മോട്ടോര്‍സൈക്കിളിന്റെ പവര്‍-ടു-വെയ്റ്റ് അനുപാതവും ഹാന്‍ഡ്ലിംഗും ഗണ്യമായി മെച്ചപ്പെടുത്തുന്നു.






