
മമ്മൂട്ടി ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കാതല്‍-ദി കോര്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാതാരങ്ങളുള്‍പ്പെടെ നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചെത്തുന്നത്.
മമ്മൂട്ടി എന്ന നടന് ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് പ്രേക്ഷകര്‍. ഒപ്പം ഓമനയായെത്തിയ ജ്യേതികയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. ജ്യോതികയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുകയാണ് കാതലിലെ ഓമന.
കാതലില്‍ ജ്യോതികയുടെ കഥാപാത്രം ഓമനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് നടി ജോമോള്‍ ആണ്. ആദ്യമായാണ് ജോമോള്‍ മറ്റൊരു നടിക്കുവേണ്ടി ഡബ്ബ് ചെയ്യുന്നത്.
‘കാതല്‍- ദി-കോര്‍ എന്ന സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ എനിക്ക് മടിയായിരുന്നു. കാരണം ഞാന്‍ ശബ്ദം നല്കുന്ന കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക. ഗംഭീരമായ കഥയോട് എനിക്ക് നീതിപുലര്‍ത്താന്‍ കഴിയുമോ എന്ന തോന്നല്‍, എന്നാല്‍ ഇന്ന് എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഈ അവസരം നല്‍കിയതിന്, എന്നില്‍ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാന്‍ നന്ദിയുളളവളാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂട്ടി’- ജോമോള്‍ കുറിച്ചു.






