
ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിള്‍ എനര്‍ജി പുത്തന്‍ മോഡലിന്റെ ലോഞ്ച് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. സിമ്പിള്‍ എനര്‍ജി തങ്ങളുടെ സിമ്പിള്‍ ഡോട്ട് വണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡിസംബര്‍ 15-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. മോഡലിന്റെ പ്രീ-ബുക്കിംഗുകളും ഇതേ തീയതിയില്‍ തന്നെ ആരംഭിക്കുമെന്നും ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സിമ്പിള്‍ വണ്‍ അടുത്തിടെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിരയിലെ ഒരു സബ്-വേരിയന്റായിട്ടാണ് ഡോട്ട് വണ്‍ സ്ഥാനം പിടിക്കുക.
ആദ്യ സ്കൂട്ടറായ വണ്‍ ഇവിക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ പുതിയ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകള് കൂടി എത്തിക്കുമെന്ന് കമ്പനി നേരത്തെ ഉറപ്പുനല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. കുറഞ്ഞ വിലയ്ക്ക് നല്കാന് പറ്റുന്ന സ്കൂട്ടറായിരിക്കും വരാനിരിക്കുന്ന സിമ്പിള്‍ ഡോട്ട് വണ്‍. ഔദ്യോഗിക വില അടുത്ത മാസം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെങ്കിലും സിമ്പിള്‍ വണ്ണിനേക്കാള്‍ താങ്ങാനാവുന്നതായിരിക്കും ഇത്. ഡോട്ട് വണ്ണിന് ഒരു ലക്ഷം രൂപയില്‍ താഴെ വിലയുണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. സിമ്പിള്‍ ഡോട്ട് വണ്‍ അതിന്റെ പ്ലാറ്റ്ഫോം വണ്‍ ഇവിയുമായി പങ്കിടും. കൂടാതെ ഒരു നിശ്ചിത 3.7 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗിക്കും.
മോഡലിന് ഏകദേശം 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് ഉണ്ടാവുമെന്നും ഓണ്‍-റോഡ് റേഞ്ച് വര്‍ധിപ്പിക്കുന്ന 'പ്രത്യേകമായി തയാറാക്കിയ' ടയറുകള്‍ ഇതിന് ലഭിക്കുന്നുവെന്നുമാണ് സിമ്പിള്‍ അവകാശപ്പെടുന്നത്. മോഡലിന് 30 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് ഏരിയ, ടച്ച്സ്ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പ് കണക്റ്റിവിറ്റിക്കുള്ള പിന്തുണ, മറ്റ് ഹൈലൈറ്റുകള്‍ എന്നിവയും ലഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് സിമ്പിള്‍ എനര്‍ജി നല്കുന്ന മറ്റൊരു ഉറപ്പ്.






