
ഗോവയില്‍ അടുത്തിടെ അവസാനിച്ച എന്ഫീല്ഡ്മോട്ടോവേഴ്സില് രണ്ട് പുത്തന്‍ മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. ഏവരും കാത്തിരുന്ന ഹിമാലയന്‍ 452 എന്ന അഡ്വഞ്ചര്‍ ടൂററിന് പുറമെ ഷോട്ട്ഗണ്‍ 650 എന്ന ബൈക്കുമായിരുന്നു അത്. ലോകത്ത് 25 എണ്ണം മാത്രം നിര്‍മിക്കുന്ന ഷോട്ഗണ്‍ 650 മോട്ടോവേഴ്സ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. 4.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് സ്വന്തമാക്കാമാക്കാനാവുന്നത്. മോട്ടോവേഴ്സില്‍ പങ്കെടുത്ത് വണ്ടി ബുക്ക് ചെയ്ത 25 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെയാവും തിരഞ്ഞെടുക്കുക.
ഷോട്ട്ഗണ്‍ 650 എന്ന ലളിതവും ഒരുപക്ഷേ താങ്ങാനാവുന്നതുമായ പ്രൊഡക്ഷന്‍ പതിപ്പ് എങ്ങനെയായിരിക്കുമെന്നതിന്റെ പ്രിവ്യൂ ആണ് മോട്ടോവേഴ്സ് എഡിഷന്. അടുത്ത വര്‍ഷം എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിക്കുന്ന ഷോട്ട്ഗണ്‍ 650 എന്ന ബൈക്കിന്റെ സ്പെഷ്യല്‍ പതിപ്പാണിതെന്ന് പറയാം. ബുക്ക് ചെയ്തവര്‍ക്ക് ജനുവരിയില്‍ വാഹനം കൈമാറാനാണ് കമ്പനിയുടെ തീരുമാനം. 2021 മിലാനില്‍ നടന്ന EICMA ഷോയില്‍ ബ്രാന്‍ഡ് പരിചയപ്പെടുത്തിയ SG650 ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷോട്ട്ഗണ്‍ 650. ഗ്രേഡിയന്റ്-സ്റ്റൈല്‍ ഗ്രാഫിക്സും നിയോണ്‍ വിശദാംശങ്ങളുമുള്ള കസ്റ്റമൈസായി രൂപകല്‍പ്പന ചെയ്ത, കൈകൊണ്ട് പെയിന്റ് ചെയ്ത ബോഡി പാനലുകളാണ് ബൈക്കിന്റെ മോട്ടോവേഴ്സ് എഡിഷനെ സവിശേഷമാക്കുന്നത്.
സൂപ്പര്‍ മീറ്റിയോര്‍ 650 പ്രീമിയം ക്രൂയിസര്‍ ബൈക്കിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച വാഹനമാണ് ഷോട്ട്ഗണ്‍ മോട്ടോവേഴ്സ് എഡിഷന്. എന്നാല്‍ വ്യത്യസ്ത വീലുകളും മൊത്തത്തിലുള്ള എര്‍ഗണോമിക്സിലും നിരവധി മാറ്റങ്ങളും ഈ മോട്ടോര്‍സൈക്കിളിനുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ട്വിന്‍ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ വാഹനമാണിതെന്നതും ശ്രദ്ധേയമാണ്. 649 സിസി എയര്‍/ഓയില്‍-കൂള്‍ഡ്, പാരലല്‍-ട്വിന്‍ സിലിണ്ടര്‍ എഞ്ചിന് തന്നെയാണ് ഷോട്ട്ഗണ്‍ 650 മോട്ടോവേഴ്സ് എഡിഷനും തുടിപ്പേകുന്നത്. ഇത് 47 bhp കരുത്തില്‍ പരമാവധി 52 Nm torqur വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.
ഷോട്ട്ഗണിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്നതിന് കമ്പനി എഞ്ചിന്റെ ട്യൂണിംഗില്‍ ചെറിയ മാറ്റം വരുത്തിയതായും പറയപ്പെടുന്നുണ്ട്. ഷോവയില്‍ നിന്നുണള്ള USD ഫ്രണ്ട് ഫോര്‍ക്കുകള്‍, ട്വിന്‍ റിയര്‍ ഷോക്കുകള്‍, അലോയ് വീലുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകള്‍, ഒരു റൗണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബാര്‍-എന്‍ഡ് മിററുകള്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ബ്ലാക്ക്-ഔട്ട് എഞ്ചിന് ഘടകങ്ങള്‍ എന്നിവയെല്ലാമാണ് സമ്മാനിച്ചിരിക്കുന്നത്.






