
മോഹന്‍ലാലിന്റെ ലൈന്‍ അപ്പുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'എമ്പുരാന്'. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബര്‍ 5നാണ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുതിയ അപ്ഡേറ്റ് കൂടി എത്തുകയാണ്. എമ്പുരാന്റെ (എല്‍ 2) ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.രണ്ടാം ഷെഡ്യൂളിലേക്കുള്ള സെറ്റ് നിര്‍മ്മാണം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സെറ്റിലെ ജോലികള്‍ ഇന്ന് ആരംഭിച്ചുവെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്.
ഒരു വലിയ പഴയ കെട്ടിടമാണ് ചിത്രത്തില്‍ കാണാനാകുന്നത്. ഇത് വലിയ ഫാക്ടറി ആകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ സെറ്റിനെക്കുറിച്ചുള്ള മറ്റ് അപ്ഡേറ്റുകളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വിദേശത്തുള്ള ചിത്രീകരണത്തിന് മുന്‍പ് സിനിമയുടെ ചില പ്രധാന ഭാഗങ്ങള്‍ പുതുതായി നിര്‍മ്മിച്ച സെറ്റില്‍ ചിത്രീകരിക്കാന്‍ സംവിധായകന് പൃഥ്വിരാജ് സുകുമാരനും സംഘവും പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാന് ചിത്രീകരിക്കുന്നത്. ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിന് എത്തുക. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലി ദിനത്തില്‍ പുറത്തുവിടുകയും ചെയ്തിരുന്നു. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന് നിര്‍മ്മിക്കുന്നത്.






