
തിരുവനന്തപുരം : : സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നൽകണമെന്ന അദ്ദേഹത്തിന്റെ അവധി അപേക്ഷ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പരിഗണിച്ചില്ല.
സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല താത്കാലികമായി അസിസ്റ്റന്റ് സെക്രട്ടറിമാർ നിര്‍വഹിക്കുമെന്നാണ് പാർട്ടി നിർവാഹക സമിതി യോഗം തീരുമാനിച്ചത്. രണ്ട് മാസത്തിനു ശേഷം കാനം രാജേന്ദ്രൻ പാർട്ടിയിൽ വീണ്ടും സജീവമാകും. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കാനും നിർവാഹക സമിതി യോഗത്തിൽ തീരുമാനമായി.
ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്ന കാനം രാജേന്ദ്രൻ കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് അവധി അപേക്ഷ നൽകിയത്. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടുളള കത്ത് സംസ്ഥാന-ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു കാനം പക്ഷത്തെ നീക്കം. എന്നാൽ ഇത് ഫലം കണ്ടില്ല.






