
കൊല്ലത്ത് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പ്രതികൾ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ. ഏതാനും മണിക്കൂറിനുള്ളിൽ ഊഹാപോഹങ്ങൾക്ക് അന്ത്യമാകുമെന്നും ശുഭവാർത്തയാകട്ടെ എന്നുമാണ് ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
നഴ്സസുമാരുടെ സംഘടനയായ യു എൻ എക്കെതിരെയടക്കം ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നു. യു എൻ എയുടെ നേതാവാണ് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛൻ . അങ്ങനെയാണ് യു എൻ എയുമായി ബന്ധപ്പെട്ട തർക്കങ്ങളിലേക്കും ആരോപണം ഉയർന്നത്.
ജാസ്മിൻ ഷാ യുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ഇങ്ങനെ
വ്യാജവാർത്തകൾ പടച്ചു വിടുന്നവരെ....
ഞങ്ങളുടെ പ്രിയ സഹപ്രവർത്തകനെ കുറിച്ച് നട്ടാൽ കുരുക്കാത്ത വാർത്തകൾ പടച്ചു വിടുന്ന ഓൺലൈൻ പത്രക്കാരെ ,നിങ്ങൾക്ക് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്ത് സുഖമാണ് ലഭിക്കുന്നത്?
കുട്ടിയെ കാണാതായത് മുതലുള്ള 20 മണിക്കൂർ മാതാപിതാക്കൾ അനുഭവിച്ച വേദന മനസ്സിലാകണമെങ്കിൽ അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലുണ്ടാകണം.
വ്യാജവാർത്തകൾ പടച്ചു വിടുന്ന ഇത്തരം പിതൃശൂന്യ പോർട്ടലുകൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിനെയും, കോടതിയെയും സമീപിക്കും.
ദയവായി ആ കുടുംബത്തിന്റെ പ്രൈവസി മാനിക്കൂ...
ജാസ്മിൻഷ
യു എൻ എ






