
ഹൈദരബാദ് വിമാനത്താവളത്തില്‍ സോപ്പ് പൊടിക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊടിച്ച് തരിതരികളാക്കിയ ശേഷം സോപ്പ് പൊടിയുമായി കലര്‍ത്തിയതാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് ഹൈദരാബാദ് എയര്‍പോട്ടില്‍ നിന്ന്് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ക്ലിപ്പില്‍, ഉദ്യോഗസ്ഥര്‍ പിടികൂടിയ ഡിറ്റര്‍ജന്റില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ച് എടുക്കുന്നത് കാണാനാകും. ഡിറ്റര്‍ജന്റ് എടുത്ത് വെള്ളത്തില്‍ കലര്‍ത്തി ഇളക്കുമ്പോള്‍ അവ അലിഞ്ഞ് തീരുകയും സ്വര്‍ണ്ണത്തരികള്‍ വേര്‍തിരിഞ്ഞ് വരുകയും ചെയ്യുന്നു. ഇത്തരത്തില്‍ പല ഡിറ്റര്‍ജന്റ് പാക്കറ്റുകളിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഈ സ്വര്‍ണകടത്തിന് പിന്നില്‍ വലിയ മാഫിയാ സംഘങ്ങള്‍ തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്.






