
ദിവസവും കഞ്ചാവ് കടത്തും സ്വര്ണ്ണകടത്തുമൊക്കെയായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാരണം ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടുക്കുമ്പോഴും പുതിയ പുതിയ കുതന്ത്രങ്ങള്‍ മെനഞ്ഞാണ് കള്ളക്കടത്ത് മാഫിയകള്‍ സ്വര്‍ണം പോലുള്ള വസ്തുക്കള്‍ കടത്തുന്നത്. എന്നാല്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിച്ചാലും ഉദ്യോഗസ്ഥരുടെ പിടി വീഴും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും കള്ളക്കടത്തുകാരുടെ ഇതുപോലെയുള്ള തന്ത്രങ്ങള്‍ പലപ്പോഴും ആളുകളെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ നടത്തിയ ഒരു സ്വര്‍ണകടത്ത് സംബന്ധിക്കുന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഹൈദരാബാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വച്ച് പിടികൂടിയത്. സോപ്പ് പൊടിക്കുള്ളില്‍ കലര്‍ത്തിയ 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇവിടെ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തങ്ങള്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെതുടര്‍ന്നാണ് സോപ്പു പൊടിക്കുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
സംഭവത്തിന്റെ വീഡിയോകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകഴിഞ്ഞു. വീഡിയോയില്‍ പിടികൂടിയ ഡിറ്റര്‍ജന്റില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചു എടുക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. പാക്കറ്റ് തുറന്ന് അതില്‍ നിന്നും അല്‍പ്പം ഡിറ്റര്‍ജന്റ് എടുത്ത് വെള്ളത്തില്‍ കലര്‍ത്തി ഇളക്കി. ഇതോടെ ഡിറ്റര്‍ജെന്റ് അലിഞ്ഞ് തീരുകയും സ്വര്‍ണത്തരികള്‍ വേര്‍തിരിഞ്ഞ് വരുന്നതും കാണാം. ഇത്തരത്തില്‍ പല ഡിറ്റര്‍ജന്റ് പാക്കറ്റുകളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഈ സ്വര്‍ണകടത്തിന് പിന്നില്‍ വലിയ മാഫിയാ സംഘങ്ങള്‍ തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്.






