
ഇന്നത്തെ കാലത്ത് കുടുംബത്തിലെ അംഗങ്ങള്‍ക്ക് തുല്യമായ സ്ഥാനമാണ് ആളുകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ അവയുടെ ജന്മദിനം അടക്കമുള്ള ദിവസങ്ങള്‍ കുടുംബക്കാര് ആഘോഷകരമാക്കാറുണ്ട്. ഇത്തരത്തില്‍ പട്ടിയുടെയും പൂച്ചയുടെയും ഒക്കെ ജന്മദിനങ്ങള് കേക്ക് മുറിച്ചു ആഘോഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കോഴിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നാല്‍ ഇത് സംബന്ധിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിന്നു എന്ന ഒരു വളര്‍ത്തുകോഴിയുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബത്തിന്റെ വീഡിയോയാണ് ഇത്.
വീഡിയോയിലുള്ള ആളുകള്‍ തെലുങ്കിലാണ് സംസാരിക്കുന്നത്. അതിനാല്‍ ആന്ധ്രാപ്രദേശിലെ തെലുങ്കാനയിലാണ് സംഭവം നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. പിറന്നാളാഘോഷത്തോടനുബന്ധിച്ച് വീട്ടിലെ റൂമുകള്‍ ബലൂണും മറ്റ് അലങ്കാര പേപ്പറുകളും കൊണ്ട് അതിമനോഹരമായി അലങ്കരിച്ചിരിക്കുകയാണ്. വലിയൊരു കേക്കില്‍ ' ഹാപ്പി ബെര്‍ത്ത് ഡേ' ചിന്നു എന്ന് എഴുതിയിരിക്കുന്നത് കാണാം. പെണ്‍കുട്ടിയുടെ കൈയ്യില്‍ ഇരുന്നുകൊണ്ടാണ് ചിന്നു പിറന്നാള്‍ ആഘോഷിക്കുന്നത്. ചിന്നുവിന്റെ കാലുകളില്‍ കത്തിപ്പിടിപ്പിച്ച് വീട്ടുകാര്‍ കേക്ക് മുറിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. കേക്കില്‍ നിന്ന് അല്പം എടുത്ത് ചിന്നുവിന്റെ വായിലും വച്ചുകൊടുക്കുന്നുണ്ട്.
ഒരു കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷം പോലെയാണ് അവര്‍ ചിന്നുവിന്റെയും പിറന്നാള്‍ നടത്തിയത്. കാരണം ബന്ധുക്കള്‍ അടക്കമുള്ളവര്‍ ബെര്‍ത്ത് ഡേ പാര്‍ട്ടിക്ക് എത്തിയിരുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലായത്. വ്യത്യസ്ത കമന്റുകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. മൂന്നാം പിറന്നാളിന് ചിന്നു ചിക്കന്‍ കറിയാകാന്‍ സാധ്യതയുണ്ടെന്ന് പലരും പരിഹസിച്ചു. മറ്റുചിലര്‍ വീഡിയോ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവ്സഥയാണെന്ന് പങ്കുവച്ചു.






