
വളരെയധികം ശ്രദ്ധയോടെയാണ് മാതാപിതാക്കളും മുതിര്‍ന്നവരും പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ഏതു സമയവും അവരെ നോക്കാന്‍ ഒരാളെങ്കിലും കൂടെയുണ്ടാകും. ഉറങ്ങുന്ന സമയങ്ങളില്‍ പോലും മാതാപിതാക്കളുടെ ശ്രദ്ധ കുഞ്ഞുങ്ങളുടെമേല്‍ ഉണ്ടാകും. എന്നാല്‍ കുഞ്ഞുങ്ങളെ ആരെങ്കിലും പുറത്ത് തന്നെ കിടത്തിയിട്ട് പോകുമോ? വിശ്വസിക്കാന്‍ അല്പം പ്രായസമാണെങ്കിലും ഇത്തരത്തില്‍ കുഞ്ഞുങ്ങളെ മരംകോച്ചുന്ന തണുപ്പില്‍ വീടിന് പുറത്തുകിടത്തിയിട്ട് പോകുന്ന സ്ഥലങ്ങളും ഈ ലോകത്തുണ്ട്. രക്ഷിതാക്കള്‍ മാത്രമല്ല, ഇവിടെയുള്ള കെയര്‍ ടേക്കര്‍മാരും അങ്ങനെതന്നെയാണ് ചെയ്യുന്നത്.
കുഞ്ഞുങ്ങളെ ഇങ്ങനെ തനിച്ചാക്കി പോയാല്‍ കുഞ്ഞുങ്ങള്‍ക്ക് അപകടമൊന്നും സംഭവിക്കില്ല. ഇങ്ങനെ ചെയ്യുന്നതിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ട്. സ്വീഡന്, നോര്‍വേ, ഫിന്‍ലാന്‍ഡ്, ഡെന്മാര്ക്ക് തുടങ്ങിയ നോര്‍ഡിക്, സ്കാന്ഡിനേവിയന് രാജ്യങ്ങളിലാണ് അങ്ങനെ നടക്കുന്നത്. അതും തണുപ്പുള്ള കാലാവസ്ഥയിലാണ് പകല്‍നേരങ്ങളില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ചെയ്യുക. കുഞ്ഞുങ്ങളെ നല്ല ചൂടുകുപ്പായങ്ങളൊക്കെ ഇടുവിച്ചാണ് പുറത്ത് ഉറങ്ങാന്‍ കിടത്തുന്നത്. ഡേ കെയറുകളില്‍ പോലും ഇത്തരത്തില്‍ തണുപ്പ് ബാധിക്കാതെ സജ്ജീകരിച്ച സ്ട്രോളറുകളില്‍ കുഞ്ഞുങ്ങളെ പുറത്ത് കിടത്തിയുറക്കാറുണ്ട്. അതിനായി പുറത്ത് പ്രത്യേകം സ്ഥലങ്ങള്‍ പോലുമുണ്ടത്രെ.
അതുപോലെ, സ്കാന്ഡിനേവിയന്, നോര്‍ഡിക് ആളുകള്‍ കരുതുന്നത് കുഞ്ഞുങ്ങളെ പുറത്ത് കിടത്തുന്നത് അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്നാണ്. അതുപോലെ അത് അവരെ നന്നായി ഉറങ്ങാന്‍ സഹായിക്കും എന്നും ഈ നാട്ടുകാര്‍ വിശ്വസിക്കുന്നു. ഒപ്പം, ഈ നാടുകളിലെല്ലാം കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ വളരെ കുറവാണ്. അതിനാല്‍ തന്നെ ആര്‍ക്കും കുട്ടികളെ ഇതുപോലെ പുറത്ത് കിടത്തി പോകുന്നതില്‍ ഭയമൊന്നും തോന്നാറില്ല. വേറൊരു കാര്യം, നമ്മുടെ പ്രധാന നഗരങ്ങളില്‍ ഉള്ളത് പോലെ പൊടിയും അന്തരീക്ഷമലിനീകരണവുമൊന്നും ഇവിടെയില്ല എന്നതാണ്. അതുകൊണ്ട് തന്നെ ആ തരത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ല എന്നും ഇവിടുത്തുകാര്‍ കരുതുന്നു.






