
സംഗീതം ആസ്വദിക്കുന്ന മനസ്സിനു കുളിർമ്മ നൽകുന്ന കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ സമ്മാനിച്ചിട്ടുള്ളത്. ഔസേപ്പച്ചനെ കണ്ടാൽ ആ പാട്ടൊന്നു ആസ്വദിക്കാതെ പോകുന്ന മലയാളികൾ കുറവായിരിക്കും. അല്പം പാടാൻ കൂടി കഴിവുള്ള ആളാണെങ്കിൽ പിന്നെ ആ സദസ്സ് സംഗീത സാന്ദ്രമാകാൻ അധികം സമയം വേണ്ട. ഇപ്പോഴിതാ സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ വീട്ടില്‍ അതിഥിയായി എത്തിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ആ സായാഹ്നം ഓർമയിൽ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒന്നാക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭക്ഷണം കഴിക്കുന്നതിനിടെ പാട്ടുപാടുന്ന സുരേഷ് ഗോപിയേയും ഔസേപ്പച്ചനേയുമാണ് വിഡിയോയില്‍ കാണുന്നത്.
മോഹൻലാലിന്റെ ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തില്‍ ഓസേപ്പച്ചൻ ഈണം പകര്‍ന്ന 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. 'ഔസേപ്പച്ചൻ പാടുന്നിടത്ത് നമ്മുടെ ഹൃദയം പൊള്ളും' എന്ന് സുരേഷ് ഗോപി പറയുന്നതും വീഡിയോയിൽ കേള്‍ക്കാം. ഈ സംഗീതസദസ്സ് ആസ്വദിക്കുന്ന ഔസേപ്പച്ചന്റെ കുടുംബാഗങ്ങളേയും വിഡിയോയില്‍ കാണാം.
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാറാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.






