
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇവർ സകുടുംബം സുഹാനയുടെ ആദ്യ ചിത്രമായ ദ ആര്‍ച്ചീസിന്റെ പ്രീമിയറിനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിൽ റെഡ് കാര്‍പെറ്റില്‍ മകളുടെ കൈ പിടിച്ച് നടക്കുന്ന ഷാരൂഖിന്റെ വീഡിയോ ആരുടെയും ശ്രദ്ധ കവരും. മകളുടെ ജീവിതത്തിലെ വലിയ ചുവടുവെപ്പിനെ അഭിമാനത്തോടെ നോക്കി കാണുന്ന ഒരു അച്ഛനെയാണ് ഷാരൂഖില്‍ കാണാൻ കഴിയുന്നത്. ഇപ്പോഴിതാ അതിനൊപ്പം 2011ല്‍ നിന്നുള്ള ഷാരൂഖിന്റെ ഒരു പഴയ വീഡിയോയും ശ്രദ്ധ പിടിച്ച് പറ്റുകയാണ്. മിന്നുന്ന ചുവന്ന ഗൗണ്‍ ധരിച്ച സുഹാനയ്ക്കൊപ്പം ചുവന്ന പരവതാനിയില്‍ നടക്കുന്ന ഒരു നിമിഷത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുൻപു തന്നെ സംസാരിക്കുന്ന ഷാരൂഖിനെ വിഡിയോയിൽ കാണാം. 2011-ല്‍, 56-ാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍, മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള തന്റെ പ്രസംഗത്തിലാണ് ചുവന്ന ഗൗണ്‍ ധരിച്ച് സുഹാനയും അവാര്‍ഡ് ഷോയില്‍ തന്നോടൊപ്പം ചേരാൻ താൻ ആഗ്രഹിച്ചതിനെക്കുറിച്ച് ഷാരൂഖ് പറഞ്ഞത്, പക്ഷേ അന്ന് സുഹാനയ്ക്ക് അതിനു സാധിച്ചില്ല. “സത്യം പറഞ്ഞാല്‍, എന്റെ മകള്‍ക്ക് സുഖമില്ല, അവള് ചുവന്ന ഗൗണ്‍ ധരിച്ച് ഇവിടെ വരണമെന്നും എന്നോടൊപ്പം ചുവന്ന പരവതാനിയിലൂടെ നടക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അവള് സുഖമില്ലാതെ ഇരിക്കുകയാണ്," എന്നാണ് ഷാരുഖ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ദ ആര്‍ച്ചീസിന്റെ പ്രീമിയറില്‍ കണ്ടത്. അതുകൊണ്ട് തന്നെ ഈ ഹൃദയ സ്പർശിയായ വീഡിയോ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഷാരൂഖ്, ഗൗരി ഖാൻ, ആര്യൻ ഖാൻ, അബ്രാം, ഗൗരിയുടെ അമ്മ സവിത ചിബ്ബര്‍ എന്നിവരും മുംബൈയില്‍ നടന്ന ദ ആര്‍ച്ചീസ് പ്രീമിയറില്‍ പങ്കെടുത്തു. ഷാരൂഖ് തന്റെ മകളുടെ ആദ്യ ചിത്രത്തിന് പിന്തുണ നല്‍കുന്നതിനായി 'ദി ആര്‍ച്ചീസ്' എന്നെഴുതിയ ടീ-ഷര്‍ട്ടും ധരിച്ചിരുന്നു.






