
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം നൽകിയ നേതൃത്വം വിദ്യാർത്ഥി, യുവജന, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് ശ്രദ്ധേയമാണ്. സാമൂഹിക നന്മയോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും പൊതുപ്രവർത്തകനെന്ന നിലയിലെ സംഭാവനകളും എക്കാലവും സ്മരിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിൽ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയതെന്നും പിണറായി വിജയൻ ഓർമ്മിച്ചു.






