
ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ പുകഴ്ത്തി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തികാണിക്കുന്ന ഷീലാ ദീക്ഷിത് തന്നെയാണ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിലാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയാകാന്‍ തന്നെക്കാലും എന്തുകൊണ്ടും യോഗ്യന്‍ അഖിലേഷ് തന്നെയാണെന്നാണ് ഷീലയുടെ അഭിപ്രായം. അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറുന്നതിനും തയ്യാറെന്ന അവര്‍ പറഞ്ഞു. വര്‍ഗീയ ശക്തികളെ തകര്‍ക്കുന്നതിനായാണ് കോണ്‍ഗ്രസ് അഖിലേഷിന് ക്ലീന്‍ ചീട്ട് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ പറ്റി ചര്‍ച്ച നടന്നതായി അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരു പക്ഷെ ഇരു പാര്‍ട്ടികളും തമ്മില്‍ ലയിച്ചാല്‍ അഖിലേഷിന് വേണ്ടി മാറി നില്‍ക്കുന്നതിന് തയ്യാറാണെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.
ഇന്നലെ പുറത്തുവന്ന അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് ഫലം വന്നിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.






