
തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ സൂപ്പർസ്റ്റാർ രജനികാന്ത് ഇന്ന് 73-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സഹതാരങ്ങളും സുഹൃത്തുക്കളുമടക്കം എല്ലാവരും സൂപ്പര്‍ മെഗാസ്റ്റാറിനു ആശംസകൾ കുറിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും അടക്കം നിരവധി പ്രമുഖർ സ്റ്റൈല്‍ മന്നന് ജന്മദിനാശംകള് നേര്‍ന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹൻലാലിന്റെ ജന്മദിനാശംസ ഏറ്റെടുക്കുകയാണ് ആരാധകർ. "പ്രിയപ്പെട്ട രജനീകാന്ത് സാറിന് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. ദയയുടെയും വിനയത്തിന്റെയും യഥാര്‍ത്ഥ പ്രതിരൂപമായ, ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന അങ്ങേയ്ക്ക്, ആരോഗ്യകരവും സന്തോഷകരവുമായ നിരവധി വര്‍ഷങ്ങള്‍ മുന്നിലുണ്ട്...." എന്നാണ് ഇവർ ഒരുമിച്ച് അഭിനയിച്ച ജയ്ലർ സിനിമയിലെ ഒരു രംഗം പങ്കിട്ട് താരം എക്സിൽ കുറിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രജനിക്ക് ജന്മദിനാശംസകള് നേര്‍ന്നിരുന്നു. അതുകൂടാതെ മറ്റു പലരും ആശംസകൾ നേർന്നിട്ടുണ്ട്.
"പ്രിയ സുഹൃത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ജന്മദിനാശംസകള്. ഇന്നും എന്നേക്കും വിജയം കൊയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാനാകട്ടെ.." എന്നാണ് ഉലഗനായകൻ കമല്ഹാസന് എക്സില്‍ കുറിച്ച ആശംസാസന്ദേശത്തില്‍ പറഞ്ഞത്.
" പ്രിയപ്പെട്ട രജനീകാന്തിന് ജന്മദിനാശംസകള്, മികച്ച വിജയകരമായ ഒരു വര്‍ഷം ആശംസിക്കുന്നു. എല്ലായ്പ്പോഴും ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കട്ടെ... " എന്നാണ് മമ്മൂട്ടി എക്സില്‍ കുറിച്ചത്.
രജനീകാന്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് തമിഴകത്തെ ആരാധകര്‍. രജനീകാന്തിന്റെ വീടിന് പുറത്ത് നിരവധി പേരാണ് തടിച്ചു കൂടിയിരുന്നു. അമിതാഭ് ബച്ചനൊപ്പം തലൈവര്‍ 170 എന്ന ചിത്രമാണ് രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.







Comments