
ദേവാസുരം എന്ന സിനിമയിലെ മുണ്ടക്കല്‍ ശേഖരന് എന്ന കഥാപാത്രം നായകകഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനൊപ്പം തന്നെ പ്രേക്ഷകമനസ്സില്‍ കുടിയേറിയതാണ്. ആ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവിസ്മരണീയനാക്കിയത് തെന്നിന്ത്യയില്‍ എങ്ങും തിരക്കേറിയ നടനായിരുന്ന നെപ്പോളിയനാണ്. ഭാരതി രാജ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയ നെപ്പോളിയന് നായകനായും വില്ലനായും സഹനടനായും തെന്നിന്ത്യയില്‍ നിറഞ്ഞു നിന്നു. വളരെക്കാലമായി സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നെപ്പോളിയന്.
2016 മുതല്‍ അമേരിക്കയിലാണ് താരം. നെപ്പോളിയനും ഭാര്യ ജയസുദയ്ക്കും രണ്ടാണ്മക്കളാണ്, ധനുഷ്, കുനാല്‍. മൂത്തമകൻ ധനുഷിന് മസ്കുലര്‍ ഡിസ്ട്രോഫി എന്ന അസുഖമായിരുന്നു. അതിന് മികച്ച ചികിത്സ കിട്ടാൻ വേണ്ടി അമേരിക്കയില്‍ പോയി സ്ഥിരതാമസമാക്കിയത്. അമേരിക്കയിലാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ അമേരിക്കയിലെ ജീവിതം ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ യുഎസിലെ അറുപതാം ജന്മദിനാഘോഷമാണ്. അടുത്ത ബന്ധുക്കള്‍ അടക്കം പങ്കെടുത്ത വലിയ പാര്‍ട്ടിയില്‍ സിനിമ രംഗത്ത് നിന്നും രണ്ട് സര്‍പ്രൈസ് അതിഥികള്‍ പങ്കെടുത്തിരുന്നു. തെന്നിന്ത്യന്‍ നടിമാരായ മീനയും, ഖുശ്ബുവും ആയിരുന്നു അത്. മുന്‍പ് നെപ്പോളിയന്റെ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘‘നമ്മുടെ പ്രിയപ്പെട്ട നായികമാര്‍... അമേരിക്കയിലെ നാഷ്വില്ലെ ടെന്നസിയിൽ എന്റെ 60-ാം ജന്മദിനത്തിന് ഖുശ്ബുവും മീനയും വന്ന് എന്നെ സർപ്രൈസായി സന്ദർശിച്ചു. ശരിക്കും വണ്ടർഫുൾ...അവർക്ക് നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്കി അവര്‍ക്കൊപ്പമുള്ള ചിത്രം താരം പങ്കിട്ടത്.
നെപ്പോളിയന്റെ യുഎസ് ജീവിതം രാജകീയമാണെന്ന് പല തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തുിരുന്നു. അമേരിക്കയില്‍ 3,000 ഏക്കര്‍ കൃഷിസ്ഥലത്ത്
വലിയതോതില്‍ പച്ചക്കറി ഉത്പാദനം നടത്തുന്നുണ്ട് താരം. വ്യാവസായിക അടിസ്ഥാനത്തിലാണ് കൃഷി നടത്തുന്നത് ഒപ്പം തന്നെ വലിയ പശു ഫാം, വൈന്‍ ഉത്പാദനം എല്ലാമുണ്ട്. മുന്‍പ് ഐടി കമ്പനി നടത്തിയിരുന്ന താരം യുഎസിലും തുടരുന്നുണ്ട്. നാട്ടിലായിരുന്നപ്പോള്‍ താരം രാഷ്ട്രീയത്തിലും സജീവമായിരുന്നു. എന്നാല്‍ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് താരം അമേരിക്കയിലേക്ക് ചേക്കേറിയത്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായി നല്ല ബന്ധത്തിലാണെങ്കിലും നടന് വിജയിയുമായി 15 വര്‍ഷത്തിലേറെയായി മിണ്ടാറില്ലെന്ന് നെപ്പോളിയന് തന്നെ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ച് കൃഷിയും വ്യവസായവുമൊക്കെയായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരം പഴയ സഹപ്രവര്‍ത്തകരായ നടിമാരെ തന്റെ 60 പിറന്നാളിന് സര്‍പ്രൈസായി പങ്കെടുപ്പിച്ചത് കോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്.






