
ഭക്ഷണപ്രേമികൾക്ക് വ്യത്യസ്തമായ രുചികൂട്ടുകൾ പരീക്ഷിക്കുന്നതും അത് ആസ്വദിച്ചു കഴിക്കുന്നതും പലരുടെയും പാഷനാണ്. വീട്ടിൽ മുത്തശ്ശിമാർ തയ്യാറാക്കുന്ന ഭക്ഷണം എപ്പോഴും നാവിൽ കപ്പലോടിക്കും. പലപ്പോഴും മാതാപിതാക്കളേക്കാൾ മികച്ച പാചകക്കാരാണവർ. ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി സെലിബ്രിറ്റിയായി മാറിയ ഒരു മുത്തശ്ശിയുടെ ഭക്ഷണവീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. വിജയ് നിശ്ചൽ എന്ന 85 വയസ്സുള്ള മുത്തശ്ശിയുടെ പാചകവീഡിയോകളാണ് സെൻസേഷനായി മാറുന്നത്. 'ദാദി കി രസോയ്' എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുത്തശ്ശി തന്റെ പാചക വീഡിയോകൾ പങ്കിടുന്നത്. പാചക വീഡിയോകൾ പലപ്പോഴും ദൈർഖ്യം കൂടിയതാണെന്ന പരാതിയാണ് യൂട്യൂബ് കാഴ്ചക്കാരും പറയാറുള്ളത്. എന്നാൽ വിജയ് നിശ്ചലിന്റെ വീഡിയോകൾ ചെറുതും സംക്ഷിപ്തവുമാണ്. ദാദി കി രസോയിയിലെ പാചക വീഡിയോകൾ 90 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പാചകക്കുറിപ്പുകളും ആകർഷകമായ അടിക്കുറിപ്പുകളും ഉൾക്കൊള്ളുന്ന മുത്തശ്ശിയുടെ വീഡിയോകൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. പ്രായം എന്നത് ഒരു സംഖ്യ മാത്രമാണെന്ന് അടിവരയിടുന്ന വീഡിയോയാണ് മുത്തശ്ശി പങ്കിടുന്നത്. ഇപ്പോഴിതാ പൊട്ടറ്റോ റിങ്സിന്റെ തയ്യാറാക്കുന്ന വീഡിയോ ആണ് മുത്തശ്ശി പങ്കിട്ടിരിക്കുന്നത്. 'തൂ, തൂ ഹേ വഹി, ദിൽ നെ ജിസേ അപ്ന കഹാ...' എന്ന ഹിന്ദി സൂപ്പർഹിറ്റ് പാട്ടിന്റെ ബാക്ക്ഗ്രൗണ്ടിലാണ് മുത്തശ്ശി ഇത്തവണ വീഡിയോ പങ്കിട്ടിരിക്കുന്നത്.
"എന്റെ പിതാവിൽ നിന്നാണ് പാചകത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചത്. പേരക്കുട്ടിയുടെ ഉപദേശം അനുസരിച്ച് 85-ാം വയസ്സിൽ യൂട്യൂബ് യാത്ര തുടങ്ങിയത്...." വിജയ് നിശ്ചൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ അവർ നേടിയിട്ടുണ്ട്. ഈ പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോ ഏതാനും ദിവസങ്ങൾക്കുള്ളിൽ 3.1 ദശലക്ഷം വ്യൂസ് നേടി, ഒപ്പം നിരവധി കമന്റുകളും.






