
പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് വിസ്മയിപ്പിക്കുന്ന ബ്രാന്‍ഡായ റിവോള്‍ട്ട് ഇപ്പോഴിതാ റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായി പുത്തനൊരു നിറവുമായി വീണ്ടുമെത്തിയിരിക്കുകയാണ്. രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസിന്റെ ഭാഗമായ റിവോള്‍ട്ട് മോട്ടോര്‍സ് ലൈറ്റ്നിംഗ് യെല്ലോ കളറാണ് ഇ-ബൈക്കിനായി ഇപ്പോള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിക്കും ഗോള്‍ഡന്‍ പോലെയിരിക്കുന്ന ഗ്ലോസി യെല്ലോ നിറമാണ്. 499 രൂപയ്ക്ക് ഈ വേരിയന്റ് ഇപ്പോള്‍ ബുക്ക് ചെയ്യാനും സാധിക്കും. പുതിയ കളര്‍ ഓപ്ഷന് മെക്കാനിക്കല്‍ അപ്ഡേറ്റുകളോ വില മാറ്റമോ കൊണ്ടുവരുന്നില്ല.
റിവോള്‍ട്ട് RV400 ഇവിക്ക് 1.19 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇത് സബ്സിഡിക്ക് ശേഷമുള്ള വിലയാണ്. പുതിയ ലൈറ്റ്നിംഗ് യെല്ലോ RV400ല്‍ ഒരു ഡൈക്രോമാറ്റിക് പ്രഭാവം കൊണ്ടു വരുമെന്ന് റിവോള്‍ട്ട് മോട്ടോര്‍സ് പറയുന്നു. താഴത്തെ ഫെയറിംഗും വീലുകളും ഉള്‍പ്പെടുന്ന കറുപ്പുനിറഞ്ഞ അണ്ടര്‍ബോഡിയും മനോഹരമാണെന്ന് വേണം പറയാന്‍. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വൈദ്യുത മോട്ടോര്‍സൈക്കിളും ഇതു തന്നെയാണ്. 3 kW മിഡ് ഡ്രൈവ് മോട്ടോറുമായി ജോടിയാക്കിയ അതേ റിമൂവബിള്‍ 3.24 kWh ബാറ്ററി പായ്ക്കാണ് ഇവിയില്‍ പ്രവര്‍ത്തിക്കുന്നത്. പരമാവധി 5kW പീക്ക് പവര്‍ ഔട്ട്പുട്ടില് 170 Nm torque വികസിപ്പിക്കുന്ന ഒരു ബെല്‍റ്റ് ഡ്രൈവ് സംവിധാനത്തിലാണ് ഇവിയുടെ പ്രവര്‍ത്തനം. 4.5 മണിക്കൂര്‍ മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ റൈഡ് മോഡ് അനുസരിച്ച് 150 കിലോമീറ്റര്‍ വരെ റേഞ്ച് നല്കാന് RV400 ഇവിക്കാവും.
ഇക്കോ, സ്പോര്‍ട്ട്, പവര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളാണ് ബൈക്കിന് ലഭിക്കുന്നത്. അതേസമയം 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് വേണ്ടിവരുന്നത്. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 4.5 മണിക്കൂറിനുള്ളില്‍ ഇ-മോട്ടോര്‍സൈക്കിള്‍ 0-100 ശതമാനം മുതല്‍ ചാര്‍ജ് ചെയ്യാം. എല്‍ഇഡി ഹെഡ്ലൈറ്റ്, ഡിജിറ്റല്‍ കണ്‍സോള്‍, ടാങ്ക് ഏരിയയ്ക്ക് സമീപമുള്ള സ്റ്റോറേജ് സ്പേസ്, സ്പീക്കറുകള്‍ എന്നിവയെല്ലാമാണ് RV400 ഇലക്ട്രിക്കിലെ പ്രധാന ഫീച്ചറുകള്‍. സസ്പെന്‍ഷനായി അപ്സൈഡ് ഡൌണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും (USD) പിന്നില്‍ മോണോഷോക്ക് സജ്ജീകരണവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
ബ്രേക്കിംഗിനായി രണ്ട് വീലുകളിലും സിംഗിള്‍ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും കമ്പനി RV400 ഇലക്ട്രിക് ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ലൈറ്റ്നിംഗ് യെല്ലോ കളര്‍ ഓപ്ഷന് പുറമെ ഈയടുത്തിടെ സ്റ്റെല്‍ത്ത് ബ്ലാക്ക് ലിമിറ്റഡ് എഡിഷന്, ഇന്ത്യ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യല്‍ എഡിഷന്, എക്ലിപ്സ് റെഡ് എന്നീ പുതിയ നിറങ്ങളും കമ്പനി പുറത്തിറക്കിയിരുന്നു.






