
സജന്‍ലാല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് സീബ്രാവരകള്‍. ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കൊല്ലംകോട് ആരംഭിച്ചു.മൂന്നു സ്നേഹിതകളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ഓരോരുത്തരുടെയും കുടുംബ പശ്ചാത്തലം വേദനാ ജനകമാണ്.
ഹന്ന, മായ, മേരി എന്നിങ്ങനെ ഉദ്യോഗസ്ഥകളായ മൂന്നു കൂട്ടുകാരികള്‍ പാലക്കാട്ടെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നു. ഹന്നയായി മേഘ്നാരാജ്, മായയായി ഷീലു എബ്രഹാം, മേരിയായി വൈഗ എന്നിവരാണ് അഭിനയിക്കുന്നത്.
ഹന്ന കേരളദേശം പത്രത്തിന്റെ ചീഫ് എഡിറ്ററാണ്. മേരി സബ് എഡിറ്ററും. മായ കേരള ടുഡേ ചാനല്‍ പ്രോഗ്രാം അവതാരകയുമാണ്.
സന്തോഷകരമായ ഒരു ദിവസത്തോടെയാണ് അവരുടെ ദിനം ആരംഭിച്ചത്. ഓരോരുത്തര്‍ക്കും പല തരത്തിലുള്ള കഥകള്‍ പറയാനുണ്ടെങ്കിലും മായ തന്റെ ജോലിയില്‍നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചു.
എന്താണ് കാരണമെന്നു ചോദിച്ചപ്പോള്‍, ജോലി മാത്രം ചെയ്താല്‍ പോരല്ലൊ, ശമ്പളവും കിട്ടണ്ടേ? കൃത്യമായി ശമ്പളം കിട്ടുന്നില്ല. കിട്ടുന്നതാകട്ടെ, തുച്ഛമായ വരുമാനവും. ഇതുകൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ല.
അതിനെ എതിര്‍ക്കുന്ന ഹന്നയും മേരിയും. ഒരു ജോലി കളയാന്‍ എളുപ്പമാണെന്നും മറ്റൊന്നു കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഉദ്ദേശിച്ചെങ്കിലും മായ അതൊന്നും ചെവിക്കൊണ്ടില്ല.ഒരുദിവസം ഹന്നയും മേരിയും അറിയാതെ മായ ജോലി രാജിവച്ചു. അതിനുശേഷമാണ് ഇരുവരെയും അറിയിച്ചത്. തങ്ങളുടെ വാക്ക് ധിക്കരിച്ച് ജോലി രാജിവച്ച മായയോട് ഹന്നയും മേരിയും അടുപ്പം കാണിച്ചില്ല. അതോടെ മായ ഒറ്റപ്പെട്ട അവസ്ഥയില്‍ എത്തുന്നു.
ഹന്ന പത്രപ്രവര്‍ത്തകയാണെങ്കില്‍ അവളുടെ അച്ഛന് പാര്‍ട്ടി സെക്രട്ടറിയാണ്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ചില കാര്യങ്ങളോട് ഹന്നയ്ക്ക് താല്പര്യമാണെങ്കിലും കൂടുതല്‍ കാര്യങ്ങളോട് എതിര്‍പ്പാണ്. അതുകൊണ്ട് അച്ഛനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ഹന്ന എഴുതിയത്. ഇതു പലപ്പോഴും അച്ഛനെ വേദനിപ്പിക്കാറുണ്ട്.
വേദനിക്കുമ്പോഴും തന്റെ മകള്‍ സത്യത്തിന്റെയും നീതിയുടെയും ഭാഗത്തുനിന്നാണ് എഴുതുന്നതെന്ന സത്യം അച്ഛനെ സന്തോഷിപ്പിച്ചു. എന്നാലും ഒരു വല്ലാത്ത എഴുത്തുതന്നെയായിരുന്നു മകളുടേത്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അച്ഛന് തിരുവനന്തപുരത്തും മകള്‍ പാലക്കാടുമാണ് താമസം. ഇരുവരും തമ്മില്‍ നല്ല ബന്ധമാണെങ്കിലും തമ്മില്‍ കാണാന്‍ കഴിയാത്തതില്‍ വേദനയുണ്ടായിരുന്നു.
കണ്ണൂരിലാണ് ഹന്നയുടെ സ്വന്തം വീട്. അച്ഛനായി അഭിനയിക്കുന്നത് തമിഴ്നടന്‍ രാജയാണ്. അമ്മയെ സുരേഖ അവതരിപ്പിക്കുന്നു. സുരേഖയുടെ വ്യത്യസ്ത സിനിമയാണിത്. അച്ഛനും മകള്‍ക്കും ഇടയില്‍ കിടന്ന് വേദനിക്കുകയും ഇരുവരെയും ഒരുമിപ്പിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന ജലജ എന്ന കഥാപാത്രം.
മേരിയുടേത് പാവപ്പെട്ട കുടുംബമാണ്. അച്ഛനും അമ്മയും ഒരനുജത്തിയും അടങ്ങുന്ന കുടുംബം. പരാലസിസ് വന്ന് കിടപ്പിലാണ് അച്ഛന്. അമ്മ കൂലിപ്പണിക്കു പോകുന്നുണ്ടെങ്കിലും മരുന്നിനും മറ്റും തികയുന്നില്ല. മേരിയുടെ വരുമാനംകൊണ്ടു കൂടിയാണ് ആ കുടുംബം കഷ്ടിച്ച് ജീവിക്കുന്നത്.
വിവാഹാലോചനകള്‍ പലതും വന്നെങ്കിലും ആദ്യമൊക്കെ അതില്‍നിന്നും ഒഴിഞ്ഞുമാറി. ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി മേരി വിവാഹിതയാകുന്നു.മായയുടെ സഹോദരന് തന്നേക്കാള്‍ 12 വയസ് പ്രായക്കൂടുതലും ഒരു കുട്ടിയുമുള്ള സ്ത്രീയെ സ്വത്തിനു വേണ്ടി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
ഇക്കാര്യം മായയെ അറിയിച്ചപ്പോള്‍ അനുകൂല നിലപാടായിരുന്നില്ല. എങ്കിലും അയാള്‍ തീരുമാനിച്ച വിവാഹം കഴിക്കുന്നു. വിവാഹത്തിനു മായ വന്നെങ്കിലും തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ച് രാത്രിതന്നെ തിരികെ പോകുന്നു. മായയുടെ സഹോദരനെ അവതരിപ്പിക്കുന്നത് കലാഭവന്‍ മണിയുടെ അനുജന് രാമകൃഷ്ണനാണ്.
ഹന്നയും മേരിയും മായയും ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ നിന്നും മേരി വിവാഹിതയായി പോയി. മായയെ ചേട്ടന് വിളിച്ചുകൊണ്ടു പോയി. ഹന്ന മാത്രം ഒറ്റപ്പെട്ടു. ഒറ്റപ്പെടലില്‍ നിന്നുള്ള വേദന... വേദന പിന്നീട് വല്ലാത്ത അവസ്ഥയിലെത്തുന്നു. അവരുടെ മനോനില തെറ്റുന്നു.
ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ എസ്. ഷംനാദ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'സീബ്രാവരകള്‍.' കഥ, തിരക്കഥ, സംഭാഷണം- ജെ. സേവിയര്‍, കലാസംവിധാനം- അനീഷ് കൊല്ലം, മേക്കപ്പ്- അനില്‍ നേമം, കോസ്റ്റിയൂം- ശ്രീജിത്ത് കുമാരപുരം, പ്രൊഡക്്ഷന്‍ കണ്ട്രോളര്- ദാസ് വടക്കുംചേരി, ഫിനാന്‍സ് കണ്ട്രോളര്- കിഷോര്‍ കാഞ്ഞിരംപാറ, ക്യാമറ- പ്രദീഷ് നെന്മാറ, എഡിറ്റിംഗ്- ഹാഷിം, അസോസിയേറ്റ് ഡയറക്ടര്‍- വിനയ് ചെന്നിത്തല, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, അസി. ഡയറക്ടേഴ്സ്- ശ്രീജിത്ത്, പ്രിയ, താര എന്നിവരാണ്.മേഘ്നാരാജ്, ഷീലു എബ്രഹാം, വൈഗ, സുരേഖ, മോഹന്‍ ശര്‍മ്മ, രാജ, സേതുലക്ഷ്മി, സോണിയ, ശബരികൃഷ്ണന്‍, വി.കെ. ബൈജു, രാമകൃഷ്ണന്, ഗീതാ വിജയന്, കോട്ടയം പ്രദീപ്, ബിജുക്കുട്ടന് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഗാനരചന- രാജീവ് ആലുങ്കല്‍, സംഗീതം- പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, പാടിയത്- യേശുദാസ്, ചിത്ര, രഞ്ജിനി.






