
രാജ്യത്തുടനീളം പെട്രോള്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരാണ്. കാരണം പെട്രോള്‍ വില കുത്തനെ ഉയര്‍ന്നാല്‍ അവശ്യ വസ്തുക്കളുടെ വില വര്‍ധനവിലേക്ക് നയിക്കും. ഇത്തരം സാഹചര്യങ്ങള്‍ സമൂഹത്തില്‍ അതിലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ പ്രതിഷേധങ്ങളും സമരങ്ങളും പിക്കറ്റുകളും നടത്തി പ്രതിഷേധിക്കുന്നു. അതേ സമയം വില വര്‍ദ്ധന ഉയരാനുള്ള കാരണങ്ങളായി പലവിധ ന്യായങ്ങള്‍ നിരത്താന്‍ ഭരണ കര്‍ത്താക്കള്‍ പാട് പെടുന്നു. ഇപ്പോഴിതാ ഇതിനെല്ലാം ഇടയില്‍ തന്നെകൊണ്ട് കഴിയുന്ന വിധം പ്രതിഷേധിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
@bull_rider_077 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരായ പ്രതിഷേധം എന്ന് വീഡിയില് എഴുതിയിരുന്നു. ദില്ലിയുടെ പ്രാന്തപ്രദേശത്തെ തിരക്കേറിയ റോഡിലൂടെ ഒരു പോത്തിന്റെ പുറത്ത് ഹെല്‍മറ്റ് ധരിച്ച് പോകുന്ന യുവാവിന്റെ വീഡിയോയാണ് ഇത്. ഏതാണ്ടെല്ലാം വീഡിയോകളിലും പോത്തിന്റെ പുറത്തിരിക്കുന്ന യുവാവ് മുയല് തലയുടെ ആകൃതിയുള്ള ഹെല്‍മറ്റാണ് ധരിച്ചിരിക്കുന്നത്. റോഡിലൂടെ പോകുമ്പോള്‍ മറ്റ് യാത്രക്കാര്‍ ഓടിവന്ന് സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. റോഡ് സുരക്ഷയുടെ പേരില്‍, ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന സര്‍ക്കാര്‍ പെട്രോളിന് ദിനംപ്രതി വില വര്‍ദ്ധിക്കുമ്പോഴും നടപടിക്ക് മുതിരാത്തത് പ്രതിഷേധം ശക്തമാക്കുന്നു. വീഡിയോയ്ക്ക് താഴെ പ്രതിഷേധിച്ചും അനുകൂലിച്ചുമുള്ള കമന്റുകളാണ് എത്തിയത്. നിരവധി പേര് അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയപ്പോള്‍ മറ്റ് ചിലര്‍ പോത്തിന്റെ പുറത്തിരുന്ന് അതിനെ ഉപദ്രവിച്ചതിനെതിരെ പ്രതിഷേധിച്ചു. '






