
ക്രിസ്മസ് ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനത്തിന് 2020 മുതല്‍ മലേഷ്യ ഏര്‍പ്പെടുത്തിയ നിരോധനം നീക്കി . ഇതോടെ മൂന്ന് വര്‍ഷമായി മലേഷ്യയിലെ ഹലാല്‍ ബേക്കറികളില്‍ നിന്നും വിട്ടുനിന്നിരുന്ന ആശംസകളെഴുതിയ ക്രിസ്മസ് കേക്കുകള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തി.
ഇസ്ലാമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഓഫ് മലേഷ്യ, മുസ്ലിം ഇതര മതവിശ്വാസികളുടെ ഉത്സവ ആശംസകളോടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പൊതു പ്രദർശനത്തിന് 2020 ലാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ നിരോധനമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഉത്സവ ആശംസകൾ ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ബേക്കറികള്‍ക്ക് കേക്കുകളിലോ സമാന ഭക്ഷ്യവസ്തുക്കളിലോ എഴുതുന്നതിന് ഇനി നിയന്ത്രണമില്ലെന്നും ഇസ്ലാമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഓഫ് മലേഷ്യ ഇന്നലെ പുറത്തിറക്കിയ പ്രസ്താവയില്‍ അറിയിച്ചു.
അതേസമയം ഇത്തരം ആശംസകളെഴുതിയ കേക്കുകളോ മറ്റ് ബേക്കറി ഉത്പന്നങ്ങളോ ബേക്കറിയില്‍ പൊതു പ്രദര്‍ശിപ്പിക്കുന്നതിന് വയ്ക്കുന്നതിന് അനുമതിയുണ്ടോ എന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.






