
ഡയാന രാജകുമാരിയുടെ 80 ലക്ഷത്തിന്റെ നീല വസ്ത്രം ലേലത്തില്‍ വിറ്റുപോയത് ഒമ്പതുകോടി രൂപയ്ക്ക്. 1985ല്‍ ഡയാന ധരിച്ച നീല നിറത്തിലുള്ള വെല്‍വറ്റ് വസ്ത്രമാണ് ഒമ്പതു കോടിക്ക് വിറ്റുപോയത്. ഡയാനയുടെ വസ്ത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വില കിട്ടിയ വസ്ത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ലേലത്തിനുണ്ട്.
ജൂലിയന്‍സ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. മുഴുനീളത്തിലുള്ള പാവാടയും ബോയും ഒക്കെ അടങ്ങിയ ഈവനിംഗ് ഡ്രസ്സാണ് ലേലത്തില്‍ വച്ചിരുന്നത്. ചാള്‍സിനൊപ്പം ഫ്ലോറന്‍സിലെ റോയല്‍ ടൂറിനിടയിലും പിന്നീട് 1986 -ല്‍ വാന്‍കൂവര്‍ സിംഫണി ഓര്‍ക്കസ്ട്രയിലും ധരിച്ച വസ്ത്രമാണിത്. മൊറോക്കന്‍-ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍ ജാക്വസ് അസഗുരിയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഡയാനയുടെ നൃത്തത്തോടുള്ള ഇഷ്ടത്തിന്റെയും ഇംഗ്ലീഷ് നാഷണല്‍ ബാലെയുടെ രക്ഷാധികാരിയായതിന്റെയും പ്രതീകമായി ഈ വസ്ത്രം കണക്കാക്കാമെന്ന് ലേലക്കാര്‍ പറയുന്നു.






