സര്‍ക്കാര്‍ ജോലിക്കാരായ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ തീരുമാനം. ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം 24 മുതല്‍ ജനുവരി നാലു വരെയുള്ള കാലയളവില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് ലഭിക്കുക. പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സിവില്‍ സര്‍വിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തൊഴില്‍ സമയം കുറക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ബുദ്ധിമുട്ടുകളും വിലയിരുത്തുകയും ചെയ്യും. പദ്ധതിയിലൂടെ സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറക്കലുമാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്.





