
തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരേ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. ജലപീരങ്കിയും പ്രയോഗിച്ചതും പ്രതിഷേധിക്കാനെത്തിയ പെൺകുട്ടികൾക്കു നേരേ ക്രൂരമായ മർദന മുറകളാണ് പൊലീസ് പുറത്തെടുത്തതും വാര്‍ത്തകളില്‍ നിറഞ്ഞു. ഒരു യുവതിയുടെ വസ്ത്രം പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ വലിച്ചു കീറി, പലരെയും ലാത്തി കൊണ്ടു കുത്തി പരുക്കേല്‍പിച്ചതും സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകയുടെ വസ്ത്രം കീറിയ പൊലീസ് നടപടിയില്‍ പ്രതികരണക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി ശ്രിയ രമേശ്. വനിത പ്രവര്‍ത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.
‘‘ഇതിൽ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല
തെരുവിൽ നൂറുകണക്കിന് ആളുകളുടെ മധ്യത്തിൽ ഓരോ ദൃശ്യവും അനേകം ക്യാമറകളാൽ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു സമരമുഖത്ത് നിൽക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്. കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓർക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക?
കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമോ? സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാൻ ശക്തമായി ആവശ്യപ്പെടുന്നു. തെരുവിൽ പോർവിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട്. ആർക്ക് വേണ്ടിയാണ് നിങ്ങൾ പരസ്പരം തല തല്ലിപ്പൊളിക്കുന്നത്? നേതാക്കൾക്ക് വേണ്ടിയോ. എങ്കിൽ ആദ്യം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എം.എല്‍.എ മാരും പാർട്ടി നേതാക്കളും തെരുവിൽ കിടന്ന് തല്ലു കൂടട്ടെ. രക്ഷാപ്രവർത്തനവും തിരിച്ച് തീവ്ര രക്ഷാപ്രവർത്തനവും ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് സ്വയം ചെയ്തു കൂടെ? എന്താ അത് ചെയ്യോ അവർ? ഇല്ലല്ലേ...അപ്പോൾ അവർക്ക് പരസ്പരം ഇല്ലാത്ത ശത്രുത എന്തിനാണ് അവരുടെ അണികൾക്ക് ? നിങ്ങളുടെ ഭാവിയാണ്, സ്വന്തം കുടുംബത്തിന്റെയും ഈ നാടിന്റെയും സമാധാനമാണ് നിങ്ങൾ തമ്മിലടിച്ച് തകർക്കുന്നത്. ഭരണകൂടത്തിനെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകും ഉണ്ടാകണം എങ്കിലേ അതിനെ ജനാധിപത്യം എന്ന് പറയുവാൻ സാധിക്കൂ....’’ എന്നാണ് ശ്രിയ കുറിച്ചിരിക്കുന്നത്. ഒപ്പം അതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.






