
ഒരു സംഘം ഗവേഷകര്‍ നീര്‍നായയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സാങ്കേതത്തില്‍ നിന്നുമാണ് യൂറേഷ്യന്‍ നീര്‍നായ എന്നറിയപ്പെടുന്ന ഇവയെ കണ്ടെത്താനായത്. ലൂട്ര ലൂട്ര എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. പശ്ചിമഘട്ടത്തില്‍ അത്യപൂര്‍വമായ യൂറേഷ്യന്‍ നീര്‍നായയുടെ ഈ കണ്ടെത്തലിലൂടെ കേരളത്തിലെ സസ്തനികളുടെ പട്ടികയിലേക്ക് ഒരതിഥി കൂടി എത്തിയിരിക്കുകയാണ്.
കേരളത്തില്‍ കാണപ്പെടുന്ന നീര്‍നായ ഇനങ്ങള്‍ ഇതോടെ മൂന്നായി. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സസ്തനികളുടെ കണക്കെടുപ്പിലാണ് പശ്ചിമഘട്ടത്തില്‍ യൂറേഷ്യന്‍ നീര്‍നായയുടെ സാന്നിധ്യം പഠന വിധേയമാക്കിയിട്ടുള്ളത്. ഈ പഠനങ്ങള്‍ പ്രകാരം അന്ന് കര്‍ണാടകയിലെ കൂര്‍ഗ്, തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ഇവയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്നുള്ള ഈ കണ്ടെത്തല്‍ യൂറേഷ്യന്‍ നീര്‍നായയുടെ കേരളത്തിലെതന്നെ ആദ്യ ഔദ്യോഗിക രേഖയാണ്. മാത്രമല്ല നീണ്ട 70 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായാണ് പശ്ചിമഘട്ടത്തില്‍ ഇവയെ ജീവനോട് കൂടി കണ്ടെത്തിയിരിക്കുന്നത്.






