
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സ്. വര്‍ഷാവസാനത്തിന്റെ ഭാഗമായി ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൂനെ ആസ്ഥാനമായുള്ള ഇവി നിര്‍മാതാക്കള്‍. ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് 2023 ഡിസംബര്‍ 31-ന് മുമ്പ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ 22,000 ക്യാഷ് ഡിസ്കൗണ്ടാണ് ടോര്‍ക്ക് മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നത്.
ക്രാറ്റോസ് R അല്ലെങ്കില്‍ ക്രാറ്റോസ് അര്‍ബന്‍ എന്നീ ഏത് വേരിയന്റുകള്‍ വാങ്ങുമ്പോളും മുകളില്‍ സൂചിപ്പിച്ച ഓഫര്‍ ഉപയോഗപ്പെടുത്താനാവും. ടോര്‍ക്ക് ക്രാറ്റോസ് R മോഡലിന് ഇന്ത്യയില്‍ 1.87 ലക്ഷം രൂപയാണ് നിലവിലെ എക്സ്ഷോറൂം വില. കൂടുതല്‍ താങ്ങാനാവുന്ന ക്രാറ്റോസ് അര്‍ബന്‍ 1.67 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഈ വിലകളിലും FAME II സബ്സിഡിയും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ ഓഫര്‍ സാധുവായിരിക്കുമെന്ന് ടോര്‍ക്ക് വെബ്സൈറ്റ് പറയുന്നു.
പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന്റെ ഇവിയില്‍ 9 kW അതായത് 12 bhp പവറില്‍ 38 Nm torque ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് PMS മോട്ടോറാണ് വരുന്നത്. 4 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ടോര്‍ക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 0-40 കിലോമീറ്റര്‍ വേഗത വെറും 3.5 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ബൈക്കിന്റെ പരമാവധി വേഗത 105 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ യഥാര്‍ഥ റേഞ്ച് കണക്കുകളും ടോര്‍ക്ക് ക്രാറ്റോസ് R വേരിയന്റ് വാഗ്ദാനം ചെയ്യും.
ഇത് സിറ്റി മോഡില്‍ 100 കിലോമീറ്ററും സ്പോര്‍ട്ടില്‍ 70 കിലോമീറ്ററും ആയി കുറയുന്നുവെന്നും ടോര്‍ക്ക് ഓര്‍മപ്പെടുത്തുന്നുണ്ട്. റേഞ്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി കമ്പനി അടുത്തിടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ പുതിയ ഇക്കോ പ്ലസ് മോഡും അവതരിപ്പിച്ചിരുന്നു. പുതിയ റൈഡിംഗ് മോഡിലൂടെ സിംഗിള്‍ ചാര്‍ജില്‍ 180 കിലോമീറ്ററോളം റേഞ്ച് കിട്ടുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ യഥാര്‍ഥ സാഹചര്യങ്ങളില്‍ പരമാവധി 150 കിലോമീറ്ററിലധികം റേഞ്ചാണ് കൈവരിക്കാനാവുക. ഇക്കോ പ്ലസ് മോഡിലെ ഇലക്ട്രിക് ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 35 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതും ഓര്‍മിക്കണം. ഉപഭോക്താക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് പുതിയ ഇക്കോ പ്ലസ് മോഡ് അവതരിപ്പിച്ചതെന്നും കമ്പനി പറയുന്നു.
ആവശ്യമുള്ളപ്പോള്‍ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഹൈ പെര്‍ഫോമന്‍സ് മോഡിലേക്ക് ഒറ്റ ക്ലിക്കില്‍ മാറാനാകും. ഒരു മണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ബൈക്കിനെ സഹായിക്കുന്ന ഫാസ്റ്റ് ചാര്ജിംഗോടെയാണ് ടോര്‍ക്ക് ക്രാറ്റോസ് R ഇ-ബൈക്ക് വരുന്നത്. ജിയോഫെന്‍സിംഗ്, ഫൈന്‍ഡ് മൈ വെഹിക്കിള്‍, മോട്ടോര്‍വാക്ക് അസിസ്റ്റ്, ക്രാഷ് അലേര്‍ട്ട്, വെക്കേഷന് മോഡ്, ട്രാക്ക് മോഡ് അനാലിസിസ്, സ്മാര്‍ട്ട് ചാര്‍ജ് അനാലിസിസ് എന്നീ സവിശേഷതകളാണ് ക്രാറ്റോസ് R ഇവിയില്‍ ഒരുക്കിയിട്ടുള്ളത്. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഇ-ബൈക്ക് വരുന്നത്.






