
തിരുവനന്തപുരം: കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി. ഗണേഷ് കുമാറും പുതിയതായി മന്ത്രിസ്ഥാനത്തേക്ക് എത്തിയ മന്ത്രിസഭാ പുന:സംഘടനയില്‍ സത്യപ്രതിജ്ഞയ്ക്കായി അഞ്ചുലക്ഷം രൂപ ചോദിച്ച് രാജ്ഭവന്. ഗവര്‍ണറുടെ സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ധനവകുപ്പ് അധികഫണ്ടായി തുക അനുവദിച്ചു. രാജ്ഭവനില്‍ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് 5 ലക്ഷം രൂപ ചെലവായി.
സത്യ പ്രതിജ്ഞക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ സെക്രട്ടറി ഡിസംബര്‍ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബര്‍ 28 ന് അനുവദിച്ചു.
ഇന്നലെ വൈകിട്ടാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സല്‍ക്കാരവും രാജ്ഭവന് ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തല്‍ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.






