
ലോകമെമ്പാടും പുതുവര്ഷത്തോട് അനുബദ്ധിച്ച് നിരവധി ആഘോഷങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പുതുവര്ഷത്തെ വരവേല്ക്കാന് ഓരോ ദേശത്തുമുള്ള ആളുകള് വ്യത്യസ്ത രീതിയിലുള്ള ആഘോഷങ്ങളും ചടങ്ങുകളുമൊക്കെയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇവയില് പലതും ഏറെ വിചിത്രമായും കൗതുകകരമായും നമ്മുക്ക് അനുഭവപ്പെട്ടേക്കാം. ഇത്തരത്തില് ലോകത്തിന്റെ വിവിധ രാജ്യങ്ങളില് നടക്കുന്ന അഞ്ച് പുതുവത്സരാഘോഷങ്ങളെക്കുറിച്ചാണ് ഇനി പറയാന് പോകുന്നത്.
യൂറോപ്പ്
യൂറോപ്യന് രാജ്യങ്ങളില് ആളുകള് പുതുവര്ഷത്തെ വരവേല്ക്കുന്നത് പടക്കങ്ങള് പൊട്ടിച്ചും വര്ണ്ണാഭമായ കമ്പിത്തിരികളും മറ്റും കത്തിച്ചുമാണ്. എന്നിരുന്നാലും, യൂറോപ്പില് ഒരു പ്രത്യേക പാരമ്പര്യം ഇന്നും പുതുവര്ഷ പുലരിയോട് അനുബന്ധിച്ച് പിന്തുടര്ന്ന് വരുന്നുണ്ട്. ഡിസംബര് 31 -ന് അര്ദ്ധരാത്രി ക്ലോക്ക് അടിക്കുമ്പോള്, ഇവിടെ ആളുകള് പരസ്പരം ചുംബിക്കും. ഈ അവസരത്തില് ചുംബിക്കുന്നത് ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ട് മുതല് ഈ രീതി തുടരുന്നു.
ഇവിടുത്തെ മറ്റൊരു ചടങ്ങ് എന്തെന്നാല് ആളുകള് മുഖംമൂടി ധരിച്ചുകൊണ്ട് നൃത്തം ചെയ്യുന്നതാണ്. മുഖംമൂടികള് ദുരാത്മാക്കളെയും പോയ വര്ഷത്തെ ചീത്ത കാര്യങ്ങളെയും ആണ് പ്രതീകപ്പെടുത്തുന്നത്. പുതുവര്ഷ പുലരി പിറക്കുമ്പോള് ഈ മുഖംമൂടി മാറ്റി അവര് നൃത്തം ചെയ്യുന്നത് തുടരുന്നു. ഇത് പുതിയ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്.
അമേരിക്ക
ഡിസംബര് 31 -ന് വൈകുന്നേരം ന്യൂയോര്ക്കിലെ ടൈംസ് സ്ക്വയറില് പുതുവര്ഷാഘോഷങ്ങള്ക്കായി വലിയ ജനക്കൂട്ടം തടിച്ചു കൂടും. രാത്രി 11:59 -ന് വണ് ടൈംസ് സ്ക്വയറിന്റെ മേല്ക്കൂരയില് നിന്നും പ്രത്യേകമായി രൂപകല്പ്പന ചെയ്ത ഒരു പന്ത് താഴേക്ക് വീഴുന്നതോടെയാണ് ഇവിടെ പുതുവര്ഷം പിറക്കുന്നത്.
ബ്രസീലും ആഫ്രിക്കന് രാജ്യങ്ങളും
ബ്രസീലിലും ആഫ്രിക്കന് രാജ്യങ്ങളിലും, പുതുവര്ഷത്തില് കടല് ദേവതയായ ഇമാഞ്ച അല്ലെങ്കില് യെമഞ്ജയ്ക്ക് സമ്മാനങ്ങള് നല്കുന്ന ഒരു പാരമ്പര്യമുണ്ട്. ഇതിന്റെ ഭാഗമായി ആളുകള് സമ്മാനങ്ങള് വാങ്ങി ഒരു ബോട്ടില് കയറ്റി കടലിലേക്ക് ഒഴുക്കി വിടുന്നു. പിന്നീട് തിരമാലകള് ആഞ്ഞടിക്കുമ്പോള് ആളുകള് കടലിലേക്ക് ഇറങ്ങുകയും സമുദ്ര ദേവതയോട് നന്ദി പറയുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവരുടെ വിശ്വാസം.
സ്കോട്ട്ലാന്ഡ്
സ്കോട്ട്ലാന്ഡില്, ഹോഗ്മാനയ് എന്ന സവിശേഷമായ ഒരു പാരമ്പര്യമുണ്ട്, പുതുവര്ഷത്തില് വീട്ടില് പ്രവേശിക്കുന്ന വ്യക്തിയുടെ ആദ്യ ചുവടുവെപ്പ് മംഗളകരമായിരിക്കണമെന്നാണ് വിശ്വാസം. അതിനാല്, അര്ദ്ധരാത്രിക്ക് ശേഷം, ഉപ്പ്, കല്ക്കരി, ബ്രഡ്, വിസ്കി, കറുത്ത ബണ് തുടങ്ങിയ പ്രതീകാത്മക സമ്മാനങ്ങളുമായി ആളുകള് എല്ലാ പുതുവര്ഷങ്ങളിലും സുഹൃത്തിന്റെയോ അയല്വാസിയുടെയോ വീടുകളില് സന്ദര്ശനം നടത്തും.
ഗ്രീസ്
പുതുവത്സര ദിനത്തില് ഗ്രീസില് താരം ഉള്ളിയാണ്. കാരണം പുതുവര്ഷ ദിനത്തില് നല്ല ആരോഗ്യം, ഫെര്ട്ടിലിറ്റി, ദീര്ഘായുസ്സ് എന്നിവയുടെ പ്രതീകമായി ആളുകള് പരസ്പരം ഉള്ളി കൈമാറും. ദോഷം അകറ്റാന് ആളുകള് വീടിന്റെ വാതിലുകളില് ഉള്ളി തൂക്കിയിടുന്ന പതിവുമുണ്ട്.







Comments