
ആര്‍ക്കും നിര്‍വചിക്കാനാവാത്ത ഒരു പ്രഹേളികയാണ് ജീവിതം! ആര്‍ക്കും പൂരിപ്പിക്കാന്‍ പറ്റാത്ത സമസ്യയാണത്...! അതിലേറെ മനോഹരവും സങ്കീര്‍ണവുമാണ് പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും കാര്യം. ഒരു മനുഷ്യന്റെ ജനനം മുതല്‍ തുടങ്ങുന്ന നിയോഗങ്ങളുടെ പരമ്പര മരണം വരെ തുടരുന്നു. കൊടിയ ദാരിദ്ര്യത്തില്‍ ബാല്യ-കൗമാര- യൗവനം പിന്നിടുകയും അസാധാരണമായ ഇച്ഛാശക്തിയിലൂടെയും പോരാട്ട വീര്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും പിന്നീടുള്ള ജീവിതം മനോഹരമാക്കുകയും പിന്നിട്ട വഴികള്‍ മറക്കാതെ നിശബ്ദമായി ജീവകാരുണ്യ പ്രവര്‍ത്തനം തുടരുകയും ചെയ്യുന്ന ജോളി ജോസഫ് എന്ന ഉലകം ചുറ്റും വാലിബന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
''ജീവിതത്തില്‍ നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, നമ്മളേക്കാള്‍ പ്രശ്‌നങ്ങളെ നേരിടുന്നവരെക്കുറിച്ച് നമ്മള്‍ ഒരിക്കലും ചിന്തിക്കുകയില്ല. എന്നാല്‍ മറ്റുള്ളവരുടെ ജീവിതം നേരിട്ട് കാണുമ്പോള്‍ അനുഭവപ്പെടുമ്പോള്‍ മനസ്സിലാകും നമ്മള്‍ എത്രയോ ഭേദമായിരുന്നെന്ന്. എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. മരപ്പണിക്കാരനായിരുന്ന കൊടിയ ദാരിദ്ര്യത്താല്‍ മരണപ്പെട്ട എന്റെ അപ്പൂപ്പന്റെ രണ്ടാമത്തെ മകനായിരുന്നു ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന എന്റെ അപ്പച്ചന്‍ സഖാവ് ടി. ജോസഫ്. അദ്ദേഹവും ഞാനും ജനിച്ചത് ആലുവയിലാണ്. കേരളത്തില്‍ സ്വകാര്യ തോട്ടം തൊഴിലാളി യൂണിയന്‍ ഉണ്ടാക്കിയവരില്‍ സ്പീക്കര്‍വരെയായിരുന്ന എ.പി. കുര്യനും സഖാവ് ഡോ. പിഷാരടിക്കുമൊപ്പം സത്യസന്ധമായ കമ്മ്യൂണിസത്തോട് അലിഞ്ഞുചേര്‍ന്ന, പൊതുജന സേവനത്തിനിടയില്‍ സ്വന്തം വീടും വീട്ടുകാരെയും മറന്ന എന്റെ അപ്പച്ചന്‍ സഖാവും ഉണ്ടായിരുന്നു...! എന്റെ അപ്പച്ചന്‍ അത്യധികം വിശ്വസിച്ചിരുന്ന വളരെ അടുത്ത ബന്ധുക്കള്‍ ചതിച്ചതിനാല്‍ എല്ലാം നഷ്ടപ്പെട്ട് ഞങ്ങളുടെ കുടുംബം കൊടും കാടിനോട് ചേര്‍ന്ന ഏഴാറ്റുമുഖമെന്ന കുഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടു. എന്റെ ഓര്‍മ്മയില്‍ ചാലക്കുടി ഇടതു കര കനാലിന്റെ പുറംപോക്കില്‍ നാട്ടുകാര്‍ സഹായമായി നല്‍കിയ ആറു മരക്കാലില്‍ വെച്ചുകെട്ടിയ, ഓലഷെഡ്ഡ് - അതായിരുന്നു എന്റെ ആദ്യ വീട്. അവിടെ ഞങ്ങള്‍ അഞ്ചു മക്കളും അപ്പച്ചനും അമ്മച്ചിയും അപ്പച്ചന്റെ അമ്മയും...! സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി കമ്മ്യൂണിസ്റ്റായ അപ്പച്ചന്‍ വീടുവിട്ടിറങ്ങിയപ്പോള്‍ എന്റെ പാവം അമ്മച്ചി കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്നു. തോട്ടം തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന അപ്പച്ചന്‍ പാര്‍ട്ടിയുടെ സമരങ്ങള്‍ നയിക്കുന്നതിനാല്‍ പോലീസ് അദ്ദേഹത്തെ നിര്‍ദ്ദയം ക്രൂരമായി മര്‍ദിച്ചിരുന്നു. അമ്മച്ചിയെന്ന ഒരാളുടെ കൂലികൊണ്ട് മാത്രം ഞങ്ങളുടെ ജീവിതം തട്ടിയും മുട്ടിയും മുന്നോട് പോകുമ്പോള്‍ അഞ്ചു മക്കളില്‍ നടുവിലത്തെ മകനായ എന്നെയും മൂത്ത ചേട്ടനെയും ചേച്ചിയെയും അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്തു. ഉച്ചഭക്ഷണമായി കിട്ടിയിരുന്ന ഗോതമ്പു കുറുക്കായിരുന്നു സ്‌കൂളിലേക്ക് പോകാനുള്ള എന്റെ ഏറ്റവും വലിയ പ്രലോഭനം. ഗോതമ്പു കുറുക്ക് വേവിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത പാത്രത്തിന്റെ അടിയില്‍ പിടിച്ച കറുത്ത കുറുക്ക് തേക്കിലയില്‍ പൊതിഞ്ഞ് കൊണ്ടുവന്ന് വീട്ടില്‍ അമ്മച്ചിയെ ഏല്പിക്കുമായിരുന്നു.
സത്യത്തില്‍ ശരിക്കും കഷ്ടപ്പാടിന്റെതായ കാലഘട്ടം. അപകര്‍ഷതാബോധം കൊണ്ട് സ്‌കൂളില്‍ പോകാന്‍ പൊതുവെ മടിയായിരുന്നെങ്കിലും പഠിക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്ന ഞാന്‍ യു.പി. സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ അതും സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സ്‌കൂള്‍ ലീഡറുമായിരുന്നു. പാലിശേരിയിലുള്ള എസ്.എന്‍.ഡി.പി. വായനശാലയില്‍ നിന്നും മൂക്കന്നൂരിലെ വായനശാലയില്‍നിന്നും പുസ്തകങ്ങളെടുത്ത് ധാരാളം വായിക്കുമായിരുന്നു. അന്നത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥായിരുന്നു! അതിനിടെ ഏഴാം തരത്തിലെ പരീക്ഷയുടെ മാര്‍ക്ക് അനുസരിച്ച് സര്‍ക്കാരിന്റെ മെറിറ്റ് സ്‌കോളര്‍ഷിപ് കിട്ടി. ഏഴാംതരം അവസാനിച്ചപ്പോള്‍ പഠനം വഴിമുട്ടിയെങ്കിലും എട്ടു കിലോമീറ്റര്‍ ദൂരമുള്ള അനാഥശാല വക സ്‌കൂളില്‍ ചേര്‍ന്നു. ബസ്സിന് കാശില്ലാത്തതിനാല്‍ ഒരു ദിവസം പതിനാറ് കിലോമീറ്റര്‍ നടന്നിരുന്നു. പഠനത്തിനിടയിലും ആഹാരത്തിനുള്ള വക കണ്ടെത്താന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. സിനിമയോ, ടി.വി. യോ ഇല്ലാത്ത ഞങ്ങളുടെ ഗ്രാമങ്ങളില്‍ എല്ലാ മാസങ്ങളിലും നാടക പരിപാടികള്‍ നടക്കുമ്പോള്‍ അവിടത്തെ ചുക്കുകാപ്പി കപ്പലണ്ടി കച്ചവടം ഞാന്‍ ഏറ്റെടുക്കും. ചെറിയൊരു തുക അതില്‍നിന്ന് കിട്ടുമെങ്കിലും വന്നുകൊണ്ടിരുന്ന നാടകക്കാരുമായെല്ലാം നല്ല ബന്ധം സ്ഥാപിക്കാനായത് അനുഗ്രഹമായി. നാടകക്കാരിലെ ചെറിയ വേഷക്കാരില്‍ ആരെങ്കിലും വന്നില്ലെങ്കില്‍ പകരക്കാരനായി ഞാന്‍ പെണ്‍ വേഷത്തിലും ആണ്‍ വേഷത്തിലും വേദിയില്‍ കയറി. കച്ചവടത്തില്‍ നിന്നും ഇടവേളയെടുത്ത് ഒന്ന് വായിച്ചാലുടനെ ഡയലോഗുകള്‍ മനസില്‍ പതിയുമായിരുന്ന ഞാന്‍ വേഗം വേഷമണിഞ്ഞ് തട്ടേല്‍ കയറും. പട്ടിണി മാറാന്‍ പണമായിരുന്നു ലക്ഷ്യമെന്നതിനാല്‍ കണക്കുപറഞ്ഞു പണം ചോദിച്ചു വാങ്ങും. സൗഹൃദത്തിന്റെ പേരില്‍ സൗജന്യമായി ഒരു നാടകവും കളിച്ചിട്ടില്ല. അന്നൊക്കെ ചെറിയ വേഷക്കാര്‍ക്ക് രണ്ടോ, മൂന്നോ രൂപ കിട്ടും. എന്റെ ഒരു ദിവസത്തെ ലക്ഷ്യം ഒരു രൂപ മാത്രമായിരുന്നു. എണ്‍പതു പൈസക്ക് ഒരുകിലോ റേഷന്‍ പച്ചരി. പത്തു പൈസക്ക് ഒരു കുമ്പിള്‍ വെളിച്ചെണ്ണ, പത്തു പൈസക്ക് പരിപ്പ്. അന്ന് എന്റെ വീട്ടില്‍ ഓണം! ഇന്നും എന്റെ പേഴ്‌സ് തുറന്നാല്‍ ആദ്യം കാണുന്നത് പഴയ ഒരു രൂപ നോട്ടാണ്. ഒരു ദിവസത്തെ എന്റെ ലക്ഷ്യം ഓര്‍മപ്പെടുത്താന്‍ അതുതന്നെ ധാരാളം...! ചേട്ടന് നല്ല മാര്‍ക്ക് ലഭിച്ചപ്പോള്‍ ഫെഡറല്‍ ബാങ്കുകാര്‍ പഠിപ്പിച്ച് ജോലിക്കെടുത്തോളാം എന്നു വാഗ്ദാനം നല്‍കി. മൂത്ത സഹോദരിക്ക് അതിനിടയില്‍ പോസ്‌റ്റോഫീസിലെ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടി. മാസം 50 രൂപ ശമ്പളം. ലോട്ടറി അടിച്ച സന്തോഷമായിരുന്നു എല്ലാവര്‍ക്കും. അതിനിടയില്‍ അമ്മച്ചിയുടെ കൂടെ ഞാനും പലതരം കൂലിപ്പണികള്‍ക്ക് പോയി കഷ്ടപ്പെട്ടു. അയല്‍വക്കത്തെ കൂട്ടുകാരന്‍ ബേബിയുടെ ഷര്‍ട്ടും മുണ്ടും കടം വാങ്ങി അനാഥശാല സ്‌കൂളിലെ പത്താംതരം പരീക്ഷയെഴുതി നല്ല മാര്‍ക്കോടെ ജയിച്ചെങ്കിലും വീണ്ടും പഠനം വഴിമുട്ടി. എന്റെ കാര്യം ത്രിശങ്കുവിലായി. എനിക്ക് പഠിക്കണമായിരുന്നു. അതിനുവേണ്ടി ഒരുപാട് പള്ളികളും മഠങ്ങളും വലിയ വലിയ ആളുകളുടെ വീടുകളും കയറിയിറങ്ങി എല്ലാവരും കൈമലര്‍ത്തി, പലരും കളിയാക്കി. നിവര്‍ത്തിയില്ലാതെ ഞാന്‍ വീണ്ടും അമ്മച്ചിയുടെ കൂടെ പലരുടെയും പാടത്തേക്കും പറമ്പിലേക്കും പണിക്കിറങ്ങി. തോട്ട പൊട്ടിച്ച് മീന്‍ പിടിച്ചുള്ള വില്പന, വനത്തിലെ കൂപ്പില്‍ തടിമുറിക്കല്‍, ഈറ്റ വെട്ടല്‍ റബ്ബര്‍ വെട്ടല്‍, പാല്‍ കച്ചോടം, നായാട്ട്, തലച്ചുമട് തുടങ്ങി ഓരോന്നായി പയറ്റി തെളിഞ്ഞു. ഇതിനിടയില്‍ ഒരു തവണ ഒളിച്ചോടി നാടുവിട്ടു. പക്ഷേ, കോഴിക്കോട് നിന്നും കൂടെവന്നവരുടെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുവന്നു. പിന്നീട് സങ്കടം സഹിക്കാനാകാതെ രണ്ട് തവണ തീവണ്ടിക്ക് തലവച്ച് ആത്മഹത്യാ ശ്രമവും നടത്തി. ഓരോ തവണയും ഞങ്ങള്‍ക്ക് വേണ്ടി പെടാപാട് പെടുന്ന പാവം അമ്മച്ചിയുടെ മുഖം മനസ്സില്‍ തെളിഞ്ഞുകൊണ്ടിരുന്നാല്‍ അതും എട്ടു നിലയില്‍ പൊട്ടി പാളീസായി. എനിക്കാണെങ്കില്‍ എറണാകുളത്തെ മഹാരാജാസില്‍ പഠിക്കാന്‍ അതിമോഹം. പക്ഷേ, ആരോട് പറയാന്‍, ആര് സഹായിക്കാന്‍? അവസാനം പഠിക്കാനുള്ള മോഹം കൊണ്ടു മാത്രം പള്ളീലച്ചന്റെ ശുപാര്‍ശയോടെ കളമശ്ശേരി രാജഗിരിയില്‍ പോയി. നാല് ദിവസം രാജഗിരിയില്‍ താമസിച്ച് ആനന്ദിച്ചനുഭവിച്ചു..! ജീവിതത്തിലാദ്യമായി മൂന്നുനേരം കുശാലായ കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍. എനിക്കത് ധാരാളം മതിയായിരുന്നു. സ്വപ്നലോകത്തിലായിരുന്ന ഞാന്‍ വൈദീകന്‍ ആകുമെന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിച്ചു. അപ്പോഴാണ് വീട്ടുകാരുടെ സമ്മതപത്രം വേണമെന്നു പറഞ്ഞ് കടലാസും തന്ന് എന്നെ വീട്ടിലേക്ക് വിടുന്നത്. വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന്‍ സഖാവ് നാട്ടുകാര്‍ക്ക് വേണ്ടി ഒറ്റയ്ക്ക് കിണര്‍ കുഴിക്കുന്നതു കണ്ട് ഞാനീ കടലാസും കൊണ്ട് കയര്‍ കോണിയിലൂടെ കിണറിനകത്തേക്ക് ഇറങ്ങി. കാര്യം പറഞ്ഞ് ഒപ്പിടാന്‍ കടലാസു കൊടുത്തതും എന്റെ മുഖത്തേക്കൊന്നു നോക്കി. 'നീ അച്ചനുമാകില്ല ഒരു കോപ്പുമാകില്ല' എന്നൊരൊറ്റ ഡയലോഗില്‍ കടലാസ് നാലായി കീറി മേലേക്കെറിഞ്ഞതും എന്റെ അച്ചന്‍ പട്ടത്തിന്റെ സമ്മതപത്രം കിണറ്റിനുള്ളില്‍ പട്ടമായി പറന്നു താഴെ വീണു മണ്ണിനോട് ചേര്‍ന്നതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ഞാന്‍ ഇഷ്ടംകൊണ്ട് അച്ചനാകാന്‍ പോയതല്ലെന്ന് അപ്പച്ചന്‍ ജ്ഞാനദൃഷ്ടിയില്‍ അറിഞ്ഞിട്ടുണ്ടാവണം. അവിടം കൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. എന്റെ സ്ഥാവരജംഗമ വസ്തുക്കളായ ഒരു ജോടി വസ്ത്രം തിരിച്ച് കൊണ്ടുവരണം. വേറെ ഉടുക്കാനില്ല. പലപ്പോഴും കൂടെ പണിയെടുത്തിരുന്ന ബസ്സുകാരെ അറിയാവുന്നതു കൊണ്ട് സൗജന്യ യാത്രയില്‍ രാജഗിരിയിലെത്തി. സമ്മതപത്രം ഇല്ലാതെ വന്നതുകൊണ്ട് അത്ര പന്തിയല്ലാതെ നിന്നിരുന്ന അവിടുത്തെ അച്ചന്മാരോട് കാര്യം പറഞ്ഞു. പക്ഷേ, തിരികെ സൗജന്യ യാത്ര സങ്കടകരമായതിനാല്‍ എന്റെ സാമഗ്രികളുമെടുത്ത് കളമശേരിയില്‍ നിന്നും റെയില്‍ ട്രാക്കിലൂടെ നടന്നു. ഭൂമി ഉരുണ്ടതാണെന്ന് പറയുന്നതുപോലെ എങ്ങനെയോ തിരിച്ച് വീണ്ടും വീട്ടിലെത്തി. പണിയെടുക്കുക, പഠിക്കുക, പുട്ടടിക്കുക എന്ന ചിന്ത മാത്രമായി. പ്രസംഗ മത്സരത്തിലും ക്വിസ്സ് പ്രോഗ്രാമുകളിലും യുറേക്ക ടാലെന്റ്‌റ് ടെസ്റ്റുകളിലും ഒന്നാം സ്ഥാനത്തായിരുന്ന എനിക്ക് മുന്നൂര്‍പ്പള്ളി വികാരിയച്ചന്‍ വഴി എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ പ്രവേശനം ലഭിച്ചു.
കസിന്‍ തന്ന അദ്ദേഹത്തിന്റെ പഴയ ഒരു മുണ്ടും ഷര്‍ട്ടും എന്റെ ഒരു അണ്ടര്‍വെയറും ഒരു സ്റ്റീല്‍ ചോറ്റുപാത്രവുമല്ലാതെ സ്വന്തമായി വേറൊന്നുമുണ്ടായിരുന്നില്ല. ചെരുപ്പിടാത്ത കോളജില്‍ ചെന്ന ഏക വിദ്യാര്‍ത്ഥി ഞാനായിരുന്നു. എന്നിലെ അപകര്‍ഷതാബോധം വരിഞ്ഞു മുറുകി, ഞാന്‍ കോളജില്‍ പോകുന്നില്ലെന്ന് അപ്പച്ചനോട് തീര്‍ത്തു പറഞ്ഞു. കാര്യം മനസിലാക്കിയ അദ്ദേഹം എന്നെ പഴയ ഹൈക്കോടതിക്കുള്ളില്‍ ഉണ്ടായിരുന്ന അധികം വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടൈപ്പിങ്ങും ബാങ്കിങ്ങും അക്കൗണ്ട്‌സും പഠിക്കാന്‍ ചേര്‍ത്തു. അഞ്ച് ദിവസത്തെ ക്ലാസ്സുകളില്‍ക്കിടയില്‍ അതിരാവിലെ ടാക്‌സി കാറുകള്‍ കഴുകും. അവര്‍ ചില്ലറ പൈസകള്‍ തരും. ശനിയും ഞായറും ആലുവ എറണാകുളം ബസ്സിലെ കിളിയായി ജോലി ചെയ്യും. ഇടയ്ക്ക് കൊളുത്തറയുടെ പെട്രോള്‍ ബങ്കില്‍ ജോലിക്കാരനാകും. ബസ്സുകളില്‍ കിളിയായിരുന്ന എനിക്ക് യാത്രയ്ക്ക് ചെലവില്ലാതിരുന്നതിനാല്‍ ആലുവയിലെ ഞങ്ങളുടെ പൊളിഞ്ഞ തറവാടിന്റെ ഒരു മുറി താമസിക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തി. ഒരു രൂപയ്ക്ക് കിട്ടിയിരുന്ന പത്തു ഇടിയപ്പമായിരുന്നു മൂന്നുനേരത്തെ ഭക്ഷണം.
എന്റെ അവസ്ഥ അറിയുന്നതുകൊണ്ട് ആലുവയിലെ ഇടിയപ്പം ഇത്താത്ത ഒന്നോ, രണ്ടോ കൂടുതല്‍ തരുമായിരുന്നു. ഇടിയപ്പത്തിന് മേല്‍ രണ്ടുവിരല്‍ കൊണ്ട് വിതറുന്ന പഞ്ചസാരയാണ് തൊടുകറി. ചിലപ്പോള്‍ കപ്പവാങ്ങി പുഴുങ്ങും. കൂടെ കട്ടന്‍ കാപ്പിയും. അതിനപ്പുറത്തേക്ക് പോകാന്‍ മടിശീല അനുവദിച്ചില്ല എന്നതാണ് സത്യം. ഈ പഠിത്തത്തിലും ഇങ്ങനത്തെ ജീവിതത്തിലും എനിക്ക് ഗതിയുണ്ടാകില്ലെന്ന് തോന്നി അതും അവസാനിപ്പിച്ചു. അതിനിടയിലാണ് മറ്റൊരു ദുരന്തവും വണ്ടി പിടിച്ചു വന്നത്. ചേട്ടന്റെ കാര്യം ഏറ്റെടുത്ത ഫെഡറല്‍ ബാങ്കുകാര്‍ കാലുമാറി. കമ്മ്യൂണിസ്റ്റുകാരനായ ജോസഫിന്റെ മകനെ ജോലിക്കെടുക്കാന്‍ തയ്യാറായില്ല. അമ്മയും ചേട്ടനും കൂടി തിരുവനന്തപുരത്തേക്ക് പോയി അന്ന് സ്പീക്കറായിരുന്ന സഖാവ് എ.പി. കുര്യനെ കണ്ടു. അദ്ദേഹം വഴി വലപ്പാട്ടെ ശ്രീരാമ പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീറിയങ്ങില്‍ ഒരു സീറ്റു കിട്ടി. പാര്‍ട്ടിയില്‍ നിന്ന് ഇന്നേവരെ ഞങ്ങള്‍ക്ക് കിട്ടിയ ഏക ഗുണം. പക്ഷേ, വലപ്പാട് പോകാനും പണം വേണം. നിസ്സഹായാവസ്ഥയില്‍ കണ്ണുനിറഞ്ഞു നിന്ന അമ്മച്ചിയെ കണ്ട അഡ്വ. എം.എം. ചെറിയാന്‍ സര്‍ സഹായ ഹസ്തവുമായെത്തി. ചേട്ടന്റെ കാര്യം തീരുമാനമായപ്പോഴും ഞാന്‍ പെരുവഴിയില്‍ത്തന്നെയായിരുന്നു..! എന്റെ ബന്ധു തോമസേട്ടന്‍ കര്‍ണാടകയിലെ മംഗലാപുരത്തുണ്ട്. അങ്ങോട്ടു വന്നാല്‍ എന്തെങ്കിലുമൊരു ജോലി കിട്ടുമോ എന്ന് ചോദിച്ച് പലപ്പോഴും കത്തെഴുതി. ഈ വഴിക്ക് വരരുതെന്ന് കൃത്യമായി മറുപടികളും വന്നിരുന്നു. പക്ഷേ, വിശക്കുന്ന ദിവസങ്ങളുടെ എണ്ണം കൂടിവന്നപ്പോള്‍ കൈയിലുണ്ടായിരുന്ന രണ്ട് രൂപ തൊണ്ണൂറു പൈസയും അഞ്ഞൂറ്റിയൊന്ന് ബാര്‍ സോപ്പിന്റെ പെട്ടിയില്‍ വച്ച സ്ഥാവരജംഗമ വസ്തുക്കളുമായി ഞാന്‍ കള്ളവണ്ടി കയറി മംഗലാപുരത്തെത്തി. എന്റെ വരവ് ഇഷ്ടപ്പെട്ടിലെങ്കിലും തോമസ് ചേട്ടന്‍ ഒരു ഐസ് കമ്പനിയില്‍ ചെമ്മീന്‍ കിള്ളുന്ന ജോലി വാങ്ങി തന്നു. ജീവിതത്തിലെ ആദ്യ വഴിത്തിരിവ്.
ഒരുപാട് സ്ത്രീ തൊഴിലാളികളുടെ കൂടെ നിലത്തിരുന്നാണ് പണി. കൈ വിരലുകളിലെ നഖവും തൊലിയും പോയി വേദനിക്കും. കിടന്നുറങ്ങാന്‍ പ്രത്യേകിച്ച് സ്ഥലമൊന്നുമില്ല. ഒരു ഓല ഷെഡ്ഡില്‍ ഒരു പാട് പേരോടൊപ്പം ഉള്ള സ്ഥലത്ത് കിടക്കും. അരികില്‍ ദുര്‍ഗന്ധം വമിക്കുന്ന വെള്ളമൊഴുകുന്ന ചാലുകള്‍, തൊട്ടടുത്ത് കടല്‍ത്തീരം. പതിനേഴ് വയസ്സുകാരന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കും മറ്റുള്ളവരുടെ കൂടെ കടല്‍ത്തീരം ശരണം. കാലത്തും ഉച്ചയ്ക്കും വൈകിട്ടും കഞ്ഞിയും കടലയും അല്ലെങ്കില്‍ വെള്ളമൂറുന്ന പരുപ്പു കറി. ഞാന്‍ കൊച്ചിയിലേക്കാള്‍ കൊടിയ ജീവിതമറിഞ്ഞു. എല്ലാ ദൈവങ്ങളെയും തെറി വിളിച്ചു. എന്നേക്കാള്‍ നരകയാതന അനുഭവിക്കുന്ന ഒരുപാട് പേരെ നേരില്‍ കണ്ടു പരിചയപ്പെട്ടു. ഇടക്കൊച്ചി, കുമ്പളങ്ങി, തോപ്പുംപടി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ചെമ്മീന്‍ കിള്ളാനെത്തിയ എന്നെ സ്വന്തം അനിയനെപ്പോലെ ചേര്‍ത്തുപിടിച്ച ചേച്ചിമാരുടെ ഹൃദയം പിളര്‍ക്കുന്ന കദന കഥകള്‍ കേട്ട് അവരുടെ കൂടെ ഞാനും കരഞ്ഞു.
സാമ്പത്തിക മാനസിക സ്ത്രീധന പ്രശ്‌നങ്ങളില്‍ വലഞ്ഞിരുന്ന അവരുടെ മരവിച്ച മൃതദേഹങ്ങള്‍ കണ്ട് വാവിട്ട് കരഞ്ഞിരുന്ന രാത്രികള്‍ ഏറെ. എല്ലാം ആത്മഹത്യകളായിരുന്നു അപ്പോള്‍ മുതലാണ് ഞാന്‍ 'താഴേക്ക്' നോക്കാന്‍ തുടങ്ങിയതും എന്നേക്കാള്‍ വളരെ ബുദ്ധിമുട്ടി ജീവിക്കുന്നവരുണ്ടെന്ന് തിരിച്ചറിഞ്ഞതും. നന്നായി ജോലി ചെയ്ത എനിക്ക് മുതലാളിമാര്‍ മാസശമ്പളം 150-ല്‍ നിന്ന് 170 താക്കി. വീട്ടിലെ അന്നം മുടങ്ങാതിരിക്കാന്‍ ജോലി തുടങ്ങിയ മാസം മുതല്‍ എല്ലാമാസവും നൂറു രൂപ മണിയോര്‍ഡര്‍ അയച്ചിരുന്നു. പടിപടിയായി ഞാനവിടെ ഉയര്‍ന്നു. മീന്‍ ലോറിയില്‍ കിളിയായി പിന്നെ ഡ്രൈവറായി. മുതലാളിമാര്‍ എന്നെ അവിടുത്തെ സൂപ്പര്‍വൈസറാക്കിയെങ്കിലും അവരുടെ കണ്ണില്‍ ഞാനെന്നും പഴയ ചെക്കന്‍ തന്നെയായിരുന്നു. അവിടുത്തെ ജോലി രാജിവച്ചു ഞാന്‍ കര്‍ണാടക ഫുഡ് പാക്കഴ്‌സ് എന്ന കമ്പനിയില്‍ കൂടുതല്‍ ശമ്പളത്തിന് ജോലിക്കു കയറി. രാത്രികളില്‍ ടൈപ്പിങ്ങ്, ടെലക്‌സ് ഓപ്പറേഷന്‍, എക്‌സ്‌പോര്‍ട്ട് ഡോക്യൂമെന്റേഷന്‍ തുടങ്ങിയവ പഠിച്ചു. പക്ഷേ അവിടുത്തെ കരുണാകര്‍ മുതലാളിയുടെ ബെന്‍സ് കാര്‍ അനുവാദമില്ലാതെ ഓടിച്ച കുറ്റത്തിന് അവിടെനിന്നും പടിയടച്ച് പിണ്ഡം വച്ചു. അതിനിടെ എന്റെ മൂത്ത പെങ്ങളെ കൂട്ടുകാരനായ ആന്റണി കല്യാണം കഴിച്ചു. അന്നും ഇന്നും ആന്റണി എന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ്.
മംഗലാപുരത്തെ അഞ്ച് വര്‍ഷത്തെ ജീവിതത്തിന് സലാം പറഞ്ഞ് കൊച്ചിയിലെ ചോയ്‌സ് ഗ്രൂപ്പില്‍ ചേര്‍ന്നു. പിന്നീട് ഹിന്ദു പത്ര പരസ്യം കണ്ടതനുസരിച്ച് ശമ്പളം കുറവായിരുന്ന ചോയ്‌സിലെ ജോലി രാജി വച്ച് പെട്ടിയും കിടക്കയുമായിത്തന്നെ വിശാഖപട്ടണത്തെ പാര്‍ലെ ഗ്രൂപ്പില്‍ ഇന്റര്‍വ്യൂവിന് പോയി. ജോലി കിട്ടിയാല്‍ എപ്പോള്‍ ജോയിന്‍ ചെയ്യും എന്ന ചോദ്യത്തിന് പെട്ടിയും കിടക്കയുമായാണ് വന്നതെന്ന് മറുപടി കൊടുത്തു. കിട്ടിയില്ലെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെങ്കില്‍ ഇവിടുത്തെ വേറെ ഏതെങ്കിലും കമ്പനിയില്‍ കേറും എന്ന് തീര്‍ത്തുപറഞ്ഞു. അവര്‍ക്കിഷ്ടമായി, അങ്ങനെ അവിടെ ജോയിന്‍ ചെയ്തു. ജോലി നല്‍കിയ എസ്.എല്‍. മൂര്‍ത്തി സര്‍ എന്നെ കണ്ടെത്തിയതാണ് എന്റെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്. അദ്ദേഹവുമായി ഇന്നും സംസാരിക്കാറുണ്ട്. മംഗലാപുരത്ത് നിന്ന് തുളുവും കന്നടയും കൊങ്കിണിയും പഠിച്ചപ്പോള്‍ വിശാഖപട്ടണത്ത് നിന്ന് തെലുങ്ക് പഠിച്ചു. കഷ്ടപ്പെട്ട് ജോലി ചെയ്ത് ഞാനാ കമ്പനിയിലെ കിരീടം വയ്ക്കാത്ത രാജാവായി. അപ്പച്ചന്റെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയില്‍ മാറ്റമില്ലെങ്കിലും നല്ലൊരു തുക എല്ലാ മാസവും എനിക്ക് അയയ്ക്കാനായതിനാല്‍ വീട്ടിലെ സ്ഥിതി മെല്ലെ മെച്ചപ്പെട്ടു. ഭക്ഷണവും കാലാവസ്ഥയുമായി ഒത്തുപോകാന്‍ കഴിയാതെ വിശാഖപട്ടണത്തില്‍ അധികക്കാലം തുടരാനായില്ല. മനസ്സില്ലാമനസ്സോടെ എസ്.എല്‍. മൂര്‍ത്തി സര്‍ എന്നെ റിലീവാക്കി. അവിടെ നിന്നും ചെന്നൈയിലെ അല്‍സ മറൈന്‍ കമ്പനിയില്‍ ചേര്‍ന്നു സുന്ദരമായ തമിഴ് പഠിച്ചു. ഏകദേശം 6000 തൊഴിലാളികള്‍ ഉണ്ടായിരുന്ന അല്‍സയുടെ മുതലാളി ഇലിയസ് സേട്ട് എന്നെ കണ്ടെത്തിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഞാനിന്ന് മീന്‍ കച്ചവടത്തില്‍ എന്തെങ്കിലുമൊക്കെയായി ജീവിക്കുന്നുണ്ടെങ്കില്‍ അത് ആ വ്യക്തി നല്‍കിയ പരിശീലനം കൊണ്ട് മാത്രമാണ്. അദ്ദേഹവുമായി എന്നും സംസാരിക്കാറുണ്ട്. മംഗലാപുരത്ത് വച്ച് കഷ്ടപ്പെട്ട് പഠിച്ചതിന്റെ ഗുണം ചെന്നൈയില്‍ കിട്ടി. ഞാന്‍ അല്‍സ ഗ്രൂപ്പിന്റെ എക്‌സ്‌പോര്‍ട്ട് മാനേജര്‍ ആയി. ആ കമ്പനി എന്റെ ലോകമായി. ഇലിയസ് സേട്ട് സാറിന്റെ നിര്‍ദ്ദേശാനുസരണം കമ്പനിക്കുവേണ്ടി വിദേശയാത്രകള്‍ തുടങ്ങി. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം ഞാന്‍ ബിരുദവും ബിരുദാനന്ത ബിരുദവും എടുത്തു. തുടക്കത്തില്‍ പേടിച്ചിരുന്ന വിമാനയാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി. ആദ്യയാത്ര സിംഗപ്പൂരായിരുന്നു. പിന്നെ യൂറോപ്പ്, ജപ്പാന്‍, അമേരിക്ക തുടങ്ങി ജോലിയുടെ ഭാഗമായി നിരന്തരം യാത്രകള്‍. ചെന്നൈ-യൂറോപ്പ് യാത്ര സ്ഥിരമായതോടെ യൂറോപ്പില്‍ താമസിക്കാമെന്ന തീരുമാനമായി. ഇതിനിടയില്‍ ചെന്നൈ ഫാക്ടറിയിലെ മറൈന്‍ ടെക്‌നോളജിസ്റ്റായ ഇന്ദു മേനോനുമായി പ്രണയത്തിലായി. ഇരു വീട്ടുകാരുടേയും സമ്മതമില്ലാതെ തന്നെ ചെന്നൈയില്‍ വച്ച് ഇന്ദുവിനെ സ്വന്തമാക്കി. ഇന്ദുവിന്റെ അടുത്ത ബന്ധുവും വലിയച്ഛനുമാണ് മാതൃഭൂമിയുടെ കെ.പി. കേശവമേനോന്‍. എന്റെ മൂന്ന് സഹോദരിമാരേയും ഭംഗിയായി വിവാഹം ചെയ്തയച്ചതിനാല്‍ പാദസരം മുതല്‍ താലിമാല വരെ കടം വാങ്ങി സ്വന്തമായി നടത്തിയ എന്റെ കല്യാണത്തിന് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മുട്ടിടിക്കും. കല്യാണം കഴിഞ്ഞപ്പോള്‍ കൈയില്‍ നൂറ്റിനാല്പതു രൂപയും കൂടെ കെട്ടിയ പെണ്ണും. അവിടെ നിന്നാണ് കുടുംബജീവിതം തുടങ്ങിയത്. വിവാഹം കഴിഞ്ഞ ഉടന്‍ ഇന്ദുവുമായി യൂറോപ്പില്‍ പോയി ബെല്‍ജിയത്തില്‍ താമസമാക്കി. അതിനിടെ മറ്റു പല കമ്പനികളും ഭീമമായ തുക വാഗ്ദാനം നല്‍കി അവരുടെ കമ്പനിയിലേക്ക് ക്ഷണിച്ചു. ദൈവതുല്യനായിരുന്ന ഇലിയസ് സേട്ട് എന്ന മുതലാളിയെ വിട്ടുപോകാന്‍ എനിക്കായിരുന്നില്ല. അല്‍സ യൂറോപ്പ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഞാന്‍ കച്ചവടം ഗംഭീരമാക്കി.
നീണ്ട പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പല കാരണങ്ങള്‍ കൊണ്ട് അല്‍സയില്‍ നിന്നും ജോലി രാജി വച്ച് ഇന്ത്യയിലെത്തി. സ്വന്തമായി കച്ചവടം തുടങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ ദുബായില്‍ പോയി ബിന്‍ബിലൈല ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ആയി. കാര്യമായി ജോലിയൊന്നും ഇല്ലാതിരുന്ന ജനറല്‍ മാനേജര്‍ പണി എന്നെ ശ്വാസം മുട്ടിച്ചു. അത് രാജിവച്ചു. ദുബായിലെ രണ്ട് വര്‍ഷത്തിനു ശേഷം എറണാകുളത്ത് എത്തി വാരിയം റോഡിലെ എന്റെ അപ്പാര്‍ട്‌മെന്റിലെ മുറിയില്‍ ഞാനൊരു ചെറിയ ഓഫീസ് തുടങ്ങി. അന്ന് എന്റെ കൂടെ ജോലിക്ക് ചേര്‍ന്ന പലരും ഇന്നും കൂടെ തന്നെയുണ്ട്.
വിശ്വസ്തരായ സഹപ്രവര്‍ത്തകര്‍ ഉള്ളതുകൊണ്ട് മൂന്ന് വ്യത്യസ്തങ്ങളായ കച്ചോടങ്ങളുമായി നല്ല രീതിയില്‍ കമ്പനികള്‍ നടത്തിക്കൊണ്ടുപോകുന്നു. അതിയായ ആഗ്രഹം കൊണ്ട് ഞാന്‍ അമേരിക്കയിലും ചൈനയിലും യൂറോപ്പിലും ഗള്‍ഫിലും സ്വന്തം ട്രേഡിങ്ങ് ഓഫീസുകള്‍ തുറന്നിരുന്നു. ഏകദേശം പത്ത് കൊല്ലത്തോളം എസ്.ബി.ഐ. എന്ന കമ്പനിയുടെ കേരള തമിഴ്‌നാട് എസ്.എസ്.പി. ആയിരുന്നു. ജാതിയെയും മതത്തെയും വീടിനുപുറത്താക്കിയ എന്റെ ഇന്ദുവും വിദേശത്ത് പഠിക്കുന്ന ഞങ്ങളുടെ മൂന്ന് പെണ്‍മക്കളും അവരാണ് എന്റെ ജീവന്‍! കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്തെല്ലാം അപ്പച്ചന്‍ സഖാവ് ജയിലിലാകുമായിരുന്നു. രാഷ്ട്രീയപരമായല്ലെങ്കിലും കരുണാകരനെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ പുറകെ നടന്ന് സെക്രട്ടറി കണ്ണപ്പന്‍ സാറിനോടു പറഞ്ഞ് സമ്മതം വാങ്ങിച്ച് മനോരമയിലെ കെ.എ. ഫ്രാന്‍സിസ് സാറിന്റെ സഹായത്തോടെ കെ. കരുണാകരനെക്കുറിച്ച് ഞാനൊരു പുസ്തകമെഴുതി. 'ദി ചാണക്യ ഓഫ് കേരള' - അദ്ദേഹത്തിന്റെ മരണശേഷം മകന്‍ മുരളീധരന്റെ സാന്നിധ്യത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന് നല്‍കിക്കൊണ്ട് തിരുവനന്തപുരത്ത് വച്ച് പ്രകാശനം നടന്നു. ചെന്നൈയിലുള്ള കാലം മുതല്‍ സിനിമാക്കാരോട് നല്ല ബന്ധമുണ്ടായിരുന്നു. ഇരുപതോളം സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ കഴിഞ്ഞു. കുറച്ചു ഷോര്‍ട് ഫിലിംസും ഡോക്യൂമെന്ററികളും സംവിധാനം ചെയ്തു. ആദ്യ സിനിമ 'വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്' മുതല്‍ മലയാളത്തിലും കന്നഡയിലുമായി പത്തോളം സിനിമകളുടെ നിര്‍മ്മാതാവായി. ചിലത് എട്ടു നിലയില്‍ പൊട്ടി ചിലത് വിജയിച്ചു. ഞാന്‍ സിനിമ പിടിച്ചത് നാട്ടില്‍ ഒരു വിലയുമില്ലാതിരുന്ന എനിക്ക് ചുളുവില്‍ പ്രശസ്തനാകാന്‍ വേണ്ടി മാത്രമായിരുന്നു. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ് ചെയ്യുന്നത്, എന്റെ ഫേസ്ബുക്കിലെ എഴുത്തുകള്‍ പോലെ. നമ്മള്‍ ജീവിതത്തില്‍ ചിലരെ കണ്ടെത്തും. അത് ആരാണെന്ന് സ്വയം കണ്ടെത്തണം, അവരായിരിക്കും നമ്മളെ ചേര്‍ത്ത് പിടിച്ച് കൂടെ നിര്‍ത്തുക.
പലരെയും പലപ്പോഴും കണ്ടിട്ടുണ്ട്. ചതിച്ചവരാണ് കൂടുതലും. വിശപ്പ് വര്‍ഷങ്ങളായി അനുഭവിച്ചതാണ്; അതുകൊണ്ട് ആരെ കണ്ടാലും ഞാനിന്നും ആദ്യം ചോദിക്കുക ഭക്ഷണം കഴിച്ചോ എന്ന് തന്നെയാണ്. വിശന്നിരിക്കുന്നവനോട് നമ്മള്‍ ആദ്യം ചോദിക്കേണ്ടതും അതുതന്നെയെന്നാണ് എന്റെ മതവും.