
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ കൗതുകമുണര്‍ത്തുന്ന വീഡിയോകള്‍ക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടാകും. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. മാങ്ങയില്‍ നിന്നും ലെതര്‍ ഉണ്ടാക്കിയെടുക്കുന്ന രണ്ട് യുവാക്കളെയാണ് വീഡിയോയില്‍ കാണുന്നത്.
നെതര്‍ലന്‍ഡുകാരായ രണ്ട് യുവ ഡിസൈനര്‍മാരാണ് പ്രകൃതിക്ക് ദോഷമില്ലാത്ത തരത്തിലുള്ള ഈ ലെതറുകള്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. മോശമായിപ്പോകുന്ന മാങ്ങയുടെ തോലുപയോഗിച്ചാണ് ഇരുവരും ചേര്‍ന്ന് ഈ ലെതര്‍ നിര്‍മ്മിക്കുന്നത്. എങ്ങനെയാണ് ഈ തുകല്‍ നിര്‍മ്മിച്ചെടുക്കുന്നത് എന്ന് വിശദീകരിക്കുന്ന വീഡിയോയാണ് ഇത്. തുകല്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി കൊല്ലപ്പെടുന്ന മൃഗങ്ങളുടെ എണ്ണം നൂറുകോടിയിലധികം വരും എന്നാണ് നേരത്തെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സിന്റെ (പെറ്റ) കണക്കുകളില്‍ പറഞ്ഞിരുന്നത്. അവിടെയാണ് ഈ യുവാക്കളുടെ പ്രവൃത്തി ലോകശ്രദ്ധ ആകര്‍ഷിച്ചത്.
@sambentley എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ തുകല്‍ പശുവിനെ ഉപയോഗിച്ച് നിര്‍മ്മിച്ചതല്ല! വ്യത്യാസം കണ്ടെത്താമോ? എന്ന അടിക്കുറിപ്പും വീഡിയോയ്ക്കു താഴെ കാണാം. ഡച്ച് ഡിസൈനര്‍മാരായ കോയിന് മീര്‍കെര്‍ക്കും ഹ്യൂഗോ ഡി ബൂണും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത് എന്നും പോസ്റ്റിന്റെ അടിക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമാകുന്ന തുകലിന് ഒരു ബദല്‍ എന്ന നിലയില്‍ പ്രകൃതിയെ നോവിക്കാതെയുള്ള തുകല്‍ നിര്‍മ്മാണം ലക്ഷ്യമിട്ട് ഫ്രൂട്ട്ലെതര്‍ റോട്ടര്‍ഡാം (Fruitleather Rotterdam) എന്ന സ്ഥാപനവും ഈ ഡിസൈനര്‍മാര്‍ തുടങ്ങിയിട്ടുണ്ട്.
പൂര്‍ണ്ണമായും പ്രകൃതിദത്ത വസ്തുക്കളിലാണ് ഈ തുകല്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഇവര്‍ പറയുന്നു. ഇതുകൊണ്ട് വാച്ചിന്റെ സ്ട്രാപ്പുകള്‍, പേഴ്സ്, ഷൂസ് എന്നിവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നുണ്ട്. അതുപോലെ ഇത് വാട്ടര്‍പ്രൂഫാണ് എന്നും വീഡിയോയില്‍ പറയുന്നു. ഇതിനോടകം വീഡിയോ ഏഴ് മില്യണിലധികം ആളുകളാണ് കണ്ടത്.






