
ബോംബെയിലാണ് പാര്‍ക്കുന്നതെങ്കിലും 'വാഗാ' നായിക റന്ന്യാറാവു ഹന്‍സികയുടെ ഫോട്ടോ കോപ്പി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
? സിനിമയില്‍ അഭിനയിക്കണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നോ...
ഠ പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിംഗിന് ചേരുകയായിരുന്നു. അപ്പോള്‍ അഭിനയിക്കാനുള്ള അഭിലാഷം വീട്ടുകാരോട് പറഞ്ഞു. പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ എന്റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി.
പഠനം ഉപേക്ഷിച്ച് ബോംബെയിലെ കിഷോര്‍ നമീത് കപൂര്‍ ആക്ടിംഗ് സ്കൂളില്‍ ചേര്‍ന്ന് അഭിനയകല പഠിച്ചു അവിടെ പഠിക്കുമ്പോള്‍ എന്റെ ഒരു ഫോട്ടോ കണ്ട് കന്നട സിനിമയില്‍നിന്നും ഒരു ചാന്‍സ് കിട്ടി. സുധീപായിരുന്നു നായകന്. സിനിമയുടെ പേര് 'മാണിക്യാ.'
? 'വാഗാ' സിനിമയില്‍നിന്നും ഉണ്ടായ അനുഭവം.
ഠ ഈ ചിത്രത്തില്‍ അഭിനയിച്ചത് അവിസ്മരണീയമായ ഒരനുഭവമായിരുന്നു. കാഷ്മീറിലെ കൊടും ശൈത്യത്തില്‍ അഭിനയിച്ച ത്രില്ലിംഗായ ഒരനുഭവം. എത്രകണ്ട് തണുപ്പുണ്ടോ, അത്രകണ്ടു വെയിലും മാറിമാറി വരുന്ന ശീതോഷ്ണ അവസ്ഥയില്‍ ശാരീരികമായ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിക്കുകയുണ്ടായി.
മലകള്‍ കയറുമ്പോള്‍, ഓക്സിജന്‍ അപര്യാപ്തത മൂലം ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഓരോ രംഗവും വളരെ ക്ലേശങ്ങള്‍ സഹിച്ചാണ് ഞാന്‍ അഭിനയിച്ച് പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ ശരിക്കും അവസരങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്.
? നിങ്ങള്‍ക്ക് ഡബ്ബ് ചെയ്യുന്നത് ആരാണ്..
ഠ ഞാന്‍ തന്നെ. എന്റെ മാതൃഭാഷ കന്നഡമാണ്. ഇംഗ്ലീഷും ഹിന്ദിയും അറിയാം. പക്ഷേ തമിഴ് ഒഴുക്കോടെ സംസാരിക്കാന്‍ പറ്റുന്നില്ല. എന്റെ ക്യാരക്ടറിന് ഞാന്‍ തന്നെ സംസാരിക്കണമെന്ന് വലിയ ആഗ്രഹമാണ്. അതുകൊണ്ട് വാഗായില്‍ ചില രംഗങ്ങള്‍ക്ക് എന്റെ ശബ്ദം കൊടുക്കുകയുണ്ടായി.
? ഒരു നടിയായതില്‍ സന്തോഷമുണ്ടോ...
ഠ സന്തോഷിക്കാതിരിക്കാന്‍ പറ്റുമോ.. പടത്തില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന അനുഭവങ്ങള്‍ സാധാരണക്കാര്‍ക്ക് കിട്ടിയെന്നു വരില്ല. 'വാഗാ' ഷൂട്ടിംഗില്‍ ഞാന്‍ നേരിട്ട ഓരോ അനുഭവങ്ങളും വെല്ലുവിളിയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ പറ്റാത്ത സ്ഥലങ്ങളും ഏറ്റെടുക്കാനാവാത്ത കഥാപാത്രങ്ങളും പടങ്ങള്‍ മൂലം മാത്രമേ നേരിടാനാവൂ, ഏറ്റെടുക്കാനാവൂ.
? നിങ്ങള്‍ ഹന്‍സികയുടെ ഫോട്ടോ കോപ്പിയാണെന്ന് പറയുന്നല്ലോ.
ഠ ഇങ്ങനെ പറഞ്ഞു ഞാനും കേള്‍ക്കാറുണ്ട്. എനിക്കപ്പോള്‍ എന്റെയുള്ളില്‍ ഭയങ്കരമായ സന്തോഷമാണ് തോന്നുക. ഹന്‍സികയെ ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എപ്പോഴെങ്കിലുംഅവരെ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടെങ്കില്‍ ഇക്കാര്യം ഞാന്‍ അവരോട് പറയും.






