
കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായി ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ‘നേര്’ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ വിജയമാണിത്. മികച്ച മൗത്ത് പബ്ലിസിറ്റിയുമായി ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചിത്രത്തെക്കുറിച്ച് മികച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കാണാനുള്ള ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് യുവതാരം തേജ സജ്ജ. താന്‍ നായകനാവുന്ന പുതിയ ചിത്രം ഹനു മാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു തേജ.
‘‘മമ്മൂട്ടി സാറിന്റെ കണ്ണൂര്‍ സ്ക്വാഡ് കാണാനുള്ള അവസരം എനിക്കുണ്ടായി. മോഹന്‍ലാല്‍ സാറിന്റെ നേര് കാണാന്‍ എനിക്ക് ശരിക്കും താല്പര്യമുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി ഹനു മാന്റെ പ്രൊമോഷന് തിരക്കുകളിലായിരുന്നതിനാലാണ് ചിത്രം കാണാന്‍ സാധിക്കാതിരുന്നത്. എന്തായാലും ഞാന്‍ നേര് കണ്ടിരിക്കും... തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയോടുള്ള താത്പര്യം വര്‍ധിച്ചു വരുന്നുണ്ട്...ഇത് എന്റെ കാര്യം മാത്രമല്ല, മുഴുവന്‍ തെലുങ്ക് പ്രേക്ഷകരും ഇപ്പോള്‍ മലയാള സിനിമകള്‍ ശ്രദ്ധിക്കുന്നുണ്ട്. തെലുങ്ക് ഡബ്ബിംഗ് കൂടാതെ തന്നെ സബ് ടൈറ്റിലുകളോടെ ഞങ്ങള്‍ മലയാളം സിനിമകള്‍ ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്...’’ തേജ സജ്ജ പറയുന്നു.
സൂപ്പര്‍ഹീറോ ചിത്രമായ ഹനു മാന്‍ സംവിധാനം ചെയ്തിരിക്കുന്നത് കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് വര്‍മയാണ്. ജനുവരി 12 ന് പതിനൊന്ന് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരിക്കും ഹനു മാനെന്ന് പ്രശാന്ത് വര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്, വിനയ് റായ്, വെണ്ണെല കിഷോര്‍, സത്യ, ഗെറ്റപ്പ് ശ്രീനു, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് ഹനു മാനില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.






