
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലെയും ലേഡി സൂപ്പർ സ്റ്റാറായിരുന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വേർപാട് കുറച്ചൊന്നുമല്ല ആരാധകരെ വേദനിപ്പിച്ചത്. ഒരു വലിയ ഞെട്ടലോടെയാണ് ആരാധകരും കുടുംബാംഗങ്ങളും ഈ വാർത്ത കേട്ടത്. ഇപ്പോഴിതാ ജാൻവി കപൂറും ഖുഷി കപൂറും ശ്രീദേവി മരിച്ചുവെന്ന് അറിഞ്ഞ നിമിഷം ഓർത്ത് വികാരാധീനരാകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ 8' എന്ന ചാറ്റ് ഷോയിൽ എത്തിയപ്പോഴാണ് ഈ സഹോദരി-ജോഡികൾ ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സംഭാഷണത്തിനിടയിൽ ഒരു ഫോൺ കോളിലൂടെ ഈ വിവരം അറിഞ്ഞതിനെക്കുറിച്ചു ജാഹ്നവി പറയുന്നു.
"ഈ വിവരം പറഞ്ഞ് കോൾ വന്നപ്പോൾ, ഞാൻ എന്റെ മുറിയിലായിരുന്നു, ഖുഷിയുടെ മുറിയിൽ നിന്ന് കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു. ഞാൻ അവളുടെ മുറിയിലേക്ക് കുതിച്ചു, അവിടെയെത്തിയപ്പോൾ ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു. ഞാനിപ്പോഴും ഓർക്കുന്നു, ഞാൻ കരയുന്നത് കണ്ട നിമിഷം അവൾ എന്നെ നോക്കിയ,അതോടെ അവൾ കരച്ചിൽ നിർത്തി. അവൾ എന്റെ അടുത്തിരുന്ന് എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി, അതിനുശേഷം അവൾ കരയുന്നത് ഞാൻ കണ്ടിട്ടില്ല..." ജാൻവി പറഞ്ഞു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഖുഷി കൂട്ടിച്ചേർത്തു, 'എല്ലാവർക്കും വേണ്ടി എന്റെ സങ്കടം ഞാൻ മാറ്റി. എല്ലാവരെയും ഒരുമിച്ച് പിടിക്കണമെന്ന് എനിക്ക് തോന്നി, കാരണം ഞാൻ എല്ലായ്പ്പോഴും ശക്തയായിരുന്നുവെന്നു എനിക്ക് തോന്നുന്നു.... "ഖുഷി പറയുന്നു. ഇവരെ രണ്ടു പേരെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നു അറിയില്ല എന്ന് കരൺ ജോഹറും പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴെ പലരും മക്കളെ ആശ്വസിപ്പിച്ചും അവരുടെ കരുത്തിനെ പ്രശംസിച്ചും കമന്റുകൾ ഇടുന്നുണ്ട്.
ഭർത്താവ് ബോണി കപൂറിന്റെ അനന്തരവൻ അർജുൻ മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി 2018 ഫെബ്രുവരിയിലാണ് ദുബായിൽ വച്ച് അന്തരിച്ചത്. ശ്രീദേവിയുടെ പാത പിന്തുടർന്ന് മക്കൾ രണ്ടാളും അഭിനയമേഖലയിൽ എത്തിയിട്ടുണ്ട്. മകൾ ജാഹ്നവിയുടെ ആദ്യ സിനിമ റിലീസ് ആകുന്നതിനു കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു ശ്രീദേവിയുടെ വിയോഗം.






