
ഫോണ്‍ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുമ്പോള് മുതല്‍ രാത്രി കിടക്കാനായി പോകുന്നതുവരെ നാം നമ്മുടെ ഫോണില്‍ ആയിരിക്കും കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോഴും, ടോയ്ലറ്റില് പോകുമ്പോഴും, വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴുമെല്ലാം നാം ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. കുഞ്ഞുക്കുട്ടികള് മുതല്‍ മുതിര്‍ന്നവര്‍ വരെ ഫോണ്‍ ഒരു അഡിക്ഷന് ആയി മാറിവരുകയാണ്. എന്നാല്‍, ഇപ്പോഴിതാ ഒരു സ്ത്രീ തന്റെ വീട്ടുകാരുടെ ഫോണ്‍ അഡിക്ഷന് കുറക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഫോണ്‍ അഡിക്ഷന് കുറക്കുന്നതിനായി ഇവര്‍ വീട്ടുകാരെ കൊണ്ട് ഒരു കരാറില്‍ ഒപ്പ് വയ്പ്പിക്കുകയാണ് ചെയ്തത്. ആ കരാറിന്റെ ചിത്രം അവരുടെ മരുമകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. മഞ്ജു ഗുപ്ത എന്ന സ്ത്രീയാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ കരാറില്‍ മൂന്ന് നിയമങ്ങളാണ് മഞ്ജു പറയുന്നത്. ആ നിയമം ലംഘിച്ചാല്‍ ആ മാസം ഓണ്‍ലൈന്‍ ആപ്പ് വഴി സ്വിഗിയില് നിന്നോ സൊമാറ്റോയില്‍ നിന്നോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല എന്നും മഞ്ജു വ്യക്തമാക്കുന്നുണ്ട്.
വീട്ടിലെ എല്ലാവരെക്കൊണ്ടും ആന്റി ഈ കരാര്‍ ഒപ്പുവയ്പ്പിച്ചു എന്നും പോസ്റ്റില്‍ മഞ്ജുവിന്റെ മരുമകള്‍ വ്യക്തമാക്കുന്നുണ്ട്. ഇനി എന്താണ് മഞ്ജുവിന്റെ നിയമങ്ങള്‍ എന്നല്ലേ?
1. രാവിലെ ഉണര്‍ന്ന് എണീറ്റ ഉടനെ തന്നെ ഫോണിനെ ആരാധിക്കുന്നതിന് പകരം എല്ലാവരും സൂര്യനെ വേണം ആരാധിക്കാന്‍.
2. ഡൈനിംഗ് ടേബിളില്‍ ഒരുമിച്ചിരുന്നു വേണം എല്ലാവരും ഭക്ഷണം കഴിക്കാന്‍. അങ്ങനെ കുടുംബമായി ഭക്ഷണം കഴിക്കുമ്പോള്‍ ഡൈനിംഗ് ടേബിളില്‍ നിന്നും 20 അടി മാറിയായിരിക്കണം ഫോണ്‍ വയ്ക്കേണ്ടത്.
3. ബാത്ത്റൂമില്‍ പോകുമ്പോള്‍ ആരും ഫോണും കൊണ്ട് പോകരുത്. അങ്ങനെ റീലും കണ്ട് സമയം കളയുന്നത് ലാഭിക്കാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഈ വ്യത്യസ്തത ഉണര്‍ത്തുന്ന പോസ്റ്റ് വൈറലായത്. വന്‍ കയ്യടിയാണ് മഞ്ജു ഗുപ്തയുടെ കരാറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. തികച്ചും ന്യായമായ ആവശ്യങ്ങളാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് പലരുടേയും അഭിപ്രായം.കുടുംബം ഒന്നിച്ചിരുന്ന് സംസാരിക്കേണ്ട, വിശേഷങ്ങള്‍ പങ്കുവയ്ക്കേണ്ട സമയത്തില്‍ ഭൂരിഭാഗവും അപഹരിക്കുന്നത് സ്മാര്‍ട്ട്ഫോണുകളും സോഷ്യല്‍ മീഡിയകളും ആണെന്നുള്ളത് മറ്റൊരു വസ്തുതയാണ്.
my maasi made everyone in the house sign this agreement 😭 pic.twitter.com/hnEfo5JELH
— Jesus (@clownlamba) January 3, 2024






