
ന്യൂഡല്‍ഹി: വെറും 80 കൂലിപ്പട്ടാളക്കാര്‍ വിചാരിച്ചാല്‍ അട്ടിമറിക്കാന്‍ കഴിയുന്ന ഭരണകൂടം. 1980കളില്‍ മാലദ്വീപ് അങ്ങനെയായിരുന്നു. ഒരു രാജ്യമായി തല ഉയര്ത്തിനില്ക്കാന് അവരെ സഹായിച്ചത് ഇന്ത്യയും. 1988 നവംബര്‍ മൂന്നിനായിരുന്നു ശ്രീലങ്കന്‍ തീവ്രവാദ സംഘടനയുടെ പിന്തുണയോടെ കൂലിപ്പട്ടാളക്കാര്‍ മാലദ്വീപ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. അന്ന് ഇന്ത്യ ഇടപെട്ടാണു മാലദ്വീപിലെ മന്ത്രിമാരടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്. അന്നു തുടങ്ങിയ ആത്മബന്ധമാണു കഴിഞ്ഞ സെപ്റ്റംബറില്‍ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റ് സ്ഥാനമേറ്റതിനുശേഷം തകര്‍ച്ചയിലേക്കു നീങ്ങുന്നത്. ചൈനീസ് പക്ഷപാതിയാണു മുയിസു. ആ മാര്‍ഗത്തിലൂടെയാണു മന്ത്രിമാര്‍ ഇന്ത്യയെ വിമര്‍ശിച്ചതും.
അബ്ദുള്ള ലുതുഫിയുടെ നേതൃത്വത്തിലുള്ള കൂലിപ്പട്ടാളക്കാരാണ് 1988 ല്‍ മാലദ്വീപിന്റെ ഭരണം പിടിക്കാനെത്തിയത്. അന്നു മാമൂന് അബ്ദുള്‍ ഗയൂമാണു മാലദ്വീപ് പ്രസിഡന്റ്. വെറും 80 അംഗ സായുധ സംഘമാണു സ്പീഡ് ബോട്ടില്‍ തലസ്ഥാനമായ മാലെയിലെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ മാലെ വിമാനത്താവളം, തുറമുഖം, റേഡിയോ- ടിവി സ്റ്റേഷനുകള്‍... എല്ലാം സായുധ സംഘത്തിന്റെ പിടിയിലായി. പ്രസിഡന്റ് ഗയൂമിന്റെ കൊട്ടാരമായിരുന്നു അടുത്ത ലക്ഷ്യം. അവരുടെ നീക്കമറിഞ്ഞു പ്രതിരോധമന്ത്രിയുടെ വസതിയിലേക്കു പ്രസിഡന്റ് രക്ഷപ്പെട്ടു.
പ്രസിഡന്റിനെ കിട്ടിയില്ലെങ്കിലും വിദ്യാഭ്യാസ മന്ത്രി സായുധ സംഘത്തിന്റെ പിടിയിലായി. പാകിസ്താന്, ശ്രീലങ്ക, സിംഗപ്പുര്‍ രാജ്യങ്ങളോട് മാലദ്വീപ് സഹായം അഭ്യര്‍ഥിച്ചു, അവര്‍ നിഷേധിച്ചു. സൈന്യമെത്താന്‍ രണ്ട് ദിവസം കാത്തുനില്‍ക്കണമെന്നായിരുന്നു യു.എസ്. നിലപാട്. ആ സാഹചര്യത്തിലായിരുന്നു ഇന്ത്യയിലെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഇടപെടല്‍.
ഓപ്പറേഷന് കാക്റ്റസ് ദൗത്യമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. അതിവേഗ നീക്കമാണ് ഇന്ത്യന്‍ നാവികസേന നടത്തിയത്. സമുദ്രം വഴിയുള്ള തുടര്‍ ആക്രമണങ്ങള്‍ തടയപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ കരസേനയുടെ പാരാ ബ്രിഗേഡ് ദ്വീപിലെത്തി. അബ്ദുള്ള ലുതുഫിയുടെ നേതൃത്വത്തിലുള്ള കൂലിപ്പട്ടാളക്കാര്‍ എം.വി. പ്രോഗ്രസ് ലൈറ്റ് എന്ന കപ്പലില്‍ മന്ത്രി ഉള്‍പ്പെടെയുള്ള ബന്ദികളുമായി രക്ഷപ്പെട്ടു.
അവയെ പിന്തുടര്ന്ന് ഇന്ത്യന്‍ നാവികസേനയുടെ പരിശീലന കപ്പലുകളായ ടിര്, ഫ്രിഗേറ്റ് ഗോദാവരി എന്നിവ രംഗത്തെത്തി. ബെത്വ, രജപുത്, രഞ്ജിത്, ഗോമതി, ത്രിശൂല്‍, നീലഗിരി, കുംഭിര്‍, ചീറ്റ, ഫ്ളീറ്റ് ടാങ്കര്‍ ദീപക് എന്നിവയും മാലിദ്വീപിലേക്ക് പുറപ്പെട്ടു.
നവംബര്‍ അഞ്ചിന് ഇന്ത്യന്‍ കപ്പലുകള്‍ എം.വി. പ്രോഗ്രസ് ലൈറ്റിനു സമീപമെത്തി. ഇന്ത്യന്‍ ആക്രമണത്തില്‍ കൂലിപ്പട്ടാളം തകര്‍ന്നു. ബന്ദികളെ ഐ.എന്‍.എസ് ഗോദാവരിയിലേക്ക് മാറ്റി. നവംബര്‍ 7 ന് കൊളംബോയില്‍നിന്ന് 56 മൈല്‍ അകലെ എം.വി. പ്രോഗ്രസ് ലൈറ്റ് മുങ്ങി. കൂലിപ്പട്ടാളക്കാര്‍ കീഴടങ്ങിയതോടെ അട്ടിമറി അവസാനിച്ചു.
ആ വിജയം ഇരുരാജ്യങ്ങളും എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് ആഘോഷിക്കാറുണ്ട്. അന്നുമുതല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം മാലിദ്വീപിലുണ്ട്. അത് അവസാനിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ആവശ്യം.
