
പ്രമുഖ ചൈനീസ് ബ്രാന്‍ഡായ വിവോ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുമായി എത്താന്‍ തയാറെടുക്കുന്നു. ഈ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ വിവോ Y27 5G യുടെ പിന്‍ഗാമിയായി വിവോ വൈ28 (Vivo Y28 5G) ആണ് അവതരിപ്പിക്കുക. മുന്‍ മോഡലിനെ അപേക്ഷിച്ച് അപ്ഗ്രേഡു ചെയ്ത ഒട്ടേറെ സവിശേഷതകളോടെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റല്‍ പര്‍പ്പിള്‍, ഗ്ലിറ്റര്‍ അക്വാ എന്നീ നിറങ്ങളില്‍ വിവോ Y28 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് Appuals-ല്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാണ് Y28 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക എന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നില്ല.
റിപ്പോര്‍ട്ട് അനുസരിച്ച്,വിവോ Y28 5G യുടെ 4GB + 128GB വേരിയന്റിന് 13,999 രൂപയായിരിക്കും വില. വിവോ Y28 5G 6GB + 128GB വേരിയന്റിന് 15,499 രൂപയും 8GB + 128GB ഓപ്ഷന് 16,999 രൂപയും നല്‍കേണ്ടിവരും. ഇതിന് പുറമേ ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ വിലകളില്‍ കമ്പനി 2.7 ശതമാനം അധിക ഡിസ്കൗണ്ട് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ ലോഞ്ച് സമയത്ത് 1500 രൂപ വരെ വിലക്കുറവും പ്രതീക്ഷിക്കാം.
ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിനൊപ്പമുള്ള പ്രൊമോഷണല്‍ ചിത്രം വിവോ Y28 5G യുടെ ഡിസൈന്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് പ്രകാരം, പിന് പാനലിന്റെ മുകളില്‍ ഇടത് മൂലയില്‍ ലംബമായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക വൃത്താകൃതിയിലുള്ള യൂണിറ്റുകളുള്ള ഒരു ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണ് ഇതിലുണ്ടാകുക.. ഒരു വൃത്താകൃതിയിലുള്ള എല്‍ഇഡി ഫ്ലാഷ് രണ്ടാമത്തെ ക്യാമറയ്ക്ക് താഴെ സ്ഥാപിച്ചിരിക്കുന്നു.






