
കിടിലന്‍ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ചേതക്കിന്റെ 2024 മോഡല്‍ ഇലക്ട്രിക് സ്കൂട്ടര്‍. ബജാജ് ഓട്ടോ പുതുക്കിയ ചേതക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഇവിക്ക് യഥാക്രമം 1,15,001 രൂപയും 1,35,463 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇതുവരെ, നിര്‍മാതാവ് 140 ലധികം നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം ചേതക് ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന ടെക്പാക്കും (TecPac) ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പുതിയ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുന്നതിനായാണ് ഇപ്പോള്‍ പുതിയ ഓപ്ഷണല്‍ ടെക്പാക് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ അടിസ്ഥാനപരമായി ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മ്യൂസിക് കണ്ട്രോള്, കോള്‍ അലേര്‍ട്ടുകള്‍, ഡിസ്പ്ലേ തീമുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതുകൂടാതെ ടെക്പാക് ഹില്‍ ഹോള്‍ഡ്, റിവേഴ്സ് മോഡ്, സ്പോര്‍ട്സ് മോഡ് എന്നിവയും സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 63 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ മണിക്കൂറില്‍ 73 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയും നിങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ചേര്‍ക്കും. പ്രീമിയത്തില്‍ മാത്രമല്ല, TecPac പാക്കേജ് തെരഞ്ഞെടുത്ത് അര്‍ബേന്‍ വേരിയന്റിലും ഈ സവിശേഷതകള്‍ ഉള്‍പ്പെടുത്താനാവും.
മോഡലിന്റെ പ്രീമിയം വേരിയന്റിന് ലഭിച്ച ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റാണ് ഈ പുതിയ 5 ഇഞ്ച് TFT സ്ക്രീന്‍. ബജാജ് ഇലക്ട്രിക് സ്കൂട്ടറിന്റെ ടോപ് സ്പീഡ് 73 കിലോമീറ്ററായി ഉയര്‍ന്നപ്പോള്‍ പുതിയ 3.2kWh ബാറ്ററി പായ്ക്കിലൂടെ ചേതക് ഇവി സിംഗിള്‍ ചാര്‍ജില്‍ പരമാവധി 127 കിലോമീറ്റര്‍ റേഞ്ചും ചെയ്യുന്നു. ഇത് മുമ്പത്തേതിനേക്കാള്‍ വളരെ കൂടുതലാണ്. 30 മിനിറ്റിനുള്ളില്‍ 15.6 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന തരത്തില്‍ ചേതക്കിനെ ചാര്‍ജ് ചെയ്യാവുന്ന 800W ചാര്‍ജറും പ്രീമിയം ട്രിമ്മില്‍ ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ചേതക് പ്രീമിയത്തില്‍ അവതരിപ്പിച്ച മറ്റ് ഫീച്ചറുകളില്‍ സെല്‍ഫ് ക്യാന്‍സല്‍ ബ്ലിങ്കര്‍, ലെഫ്റ്റ്, റൈറ്റ് കണ്ട്രോള് സ്വിച്ചുകള്‍, ഇലക്ട്രോണിക് ഹാന്‍ഡില്‍ ലോക്ക്, സീറ്റ് ഓപ്പണിംഗ് സ്വിച്ച് എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
ചേതക്കിന്റെ ബൂട്ട് സ്പേസും കൂടുതല്‍ പ്രായോഗികമാക്കാന്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ബജാജ് പറയുന്നത്. ഇന്‍ഡിഗോ ബ്ലൂ, ബ്രൂക്ലിന്‍ ബ്ലാക്ക്, ഹാസല്‍നട്ട് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ 2024 ബജാജ് ചേതക് പ്രീമിയം വേരിയന്റ് ലഭ്യമാകും. അതേസമയം, കോര്‍സ് ഗ്രേ, സൈബര്‍ വൈറ്റ്, ബ്രൂക്ലിന്‍ ബ്ലാക്ക്, ഇന്‍ഡിഗോ മെറ്റാലിക് ബ്ലൂ എന്നിവയുള്‍പ്പെടെ നാല് നിറങ്ങളിലാണ് അര്‍ബേന്‍ ട്രിം വരുന്നത്.






