
ജിയോ ബേബി ,മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാതല്‍ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം കൈയ്യടി ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ഒടിടിയിലും മികച്ച പ്രതികരണവുമായി സ്ട്രീമിംഗ് തുടരുകയാണ്. തിയേറ്റര്‍ റിലീസിന്റെ സമയത്ത് മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം ഒടിടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പ്രശസ്തരും ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു. സംവിധായകന് ഗൗതം മേനോനും ഇപ്പോള്‍ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.
കാതല്‍ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് മെസേജ് അയക്കുകയായിരുന്നു ഗൗതം മേനോന്. 'ഹായ് സുധി, സിനിമ ഞാന്‍ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളും വളരെ നന്നായി ചെയ്തിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ചിത്രമാണിത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു', എന്നാണ് ഗൗതം മേനോന് സുധിക്ക് അയച്ച സന്ദേശം.
ഹന്‍സല്‍ മെഹ്ത, രാജ് ബി ഷെട്ടി, ദിവ്യ ദര്‍ശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയന് തുടങ്ങിയ നിരവധി പേര് കാതലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണിത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 23 ന് ആയിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.






