
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ഇന്ത്യൻ സൈന്യത്തിനു വേണ്ടി പുതിയ അത്യാധുനിക റൈഫിളുമായി രംഗത്ത്. ഡിആർഡിഒ യും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനവും ചേർന്നാണ് ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ആക്രമണ റൈഫിൾ പുറത്തിറക്കിയിരിക്കുന്നത്. ഡിആർഡിഒ ലാബ്, ഒരു സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് 7.62 x 51 എം.എം കാലിബർ റൈഫിൾ നിർമിക്കുന്നത് ഇതാദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റൈഫിൾ സായുധ സേനകളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന പോലീസ് വിഭാഗങ്ങളുടെയും പ്രവർത്തന ആവശ്യങ്ങൾക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റൈഫിളിന്റെ ആദ്യ പ്രവർത്തന മാതൃക ഡിആർഡിഒയുടെ ആർമമെന്റ് ആൻഡ് കോംബാറ്റ് എഞ്ചിനീയറിംഗ് സിസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ.ശൈലേന്ദ്ര വി ഗഡെ പൂനെയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കുകയുണ്ടായി.
500 മീറ്റർ റേഞ്ചും നാല് കിലോഗ്രാമിൽ താഴെ മാത്രം ഭാരവുമുള്ളതാണ് ഈ റൈഫിള്‍ . റൈഫിളിന് 20 റൗണ്ട് മാഗസിന് ശേഷിയാണുള്ളത്. കൂടാതെ സിംഗിൾ, ഫുൾ ,ഓട്ടോ മോഡിൽ ഫയർ ചെയ്യാനും സാധിക്കും . ഇന്ത്യൻ ആർമിയുടെ ജനറൽ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയർമെന്റുകൾ അടിസ്ഥാനമാക്കിയാണ് റൈഫിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.






