
മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലെെക്കോട്ടെെ വാലിബൻ’ വേണ്ടി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്പ്ഡേറ്റും വൻ തോതിലാണ് സ്വീകാര്യത നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കയ്യില്‍ വാളേന്തി നില്ക്കുന്ന മലൈക്കോട്ടൈ വാലിബാനെ പോസ്റ്ററില്‍ കാണാം. യുദ്ധ പശ്ചാത്തലമാണ് എന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാകും. മോഹൻലാലും പോസ്റ്റര്‍ ഷെയർ ചെയ്തിട്ടുണ്ട്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച നൻപകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എല്‍. ജെ. പി ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്.
.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭൻ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. 'ആമേൻ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബൻ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന് നിര്‍മ്മിക്കുന്നത്.






