
എലികളെ പൊതുവെ ആര്‍ക്കും ഇഷ്ടമല്ല. കാരണം എലികള്‍ രോഗവാഹകരാണെന്നും ഇവയുടെ സാന്നിധ്യം മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ ഇവയുടെ സാന്നിധ്യം അറിഞ്ഞാല്‍ പിന്നെ അടുത്തശ്രമം ഇവയെ എങ്ങനെയെങ്കിലും തുരത്തുക എന്നുള്ളതാണ്. എലികളെ ഒഴിവാക്കുന്ന് പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്ക് ഗുണകരമെന്നുമാണ് പൊതുധാരണ. എന്നാല്‍ ഈ ചിന്താഗതികളെല്ലാം മാറ്റിമറിയ്ക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വീഡിയോ കണ്ട് ഭൂരിഭാഗം ആളുകളും കണ്ണ് തള്ളിയിരിക്കുകയാണ്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും റിട്ടയേഴ്ഡ് പോസ്റ്റ്മാനുമായ റോഡ്നി ഹോള്‍ബ്രൂക്കിന്റെ (75) മേശപ്പുറത്ത് നിന്നുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എലികള്ക്കെതിരെയുള്ള മനുഷ്യരുടെ പൊതുധാരണയെ ചോദ്യം ചെയ്ത് പങ്കവയ്ക്കപ്പെട്ടത്. രാത്രിയില്‍ മേശപ്പുറത്തുണ്ടായിരുന്ന ചെറിയ ലോഹ വസ്തുക്കള്‍ രാവിലെ എഴുന്നേല്ക്കുമ്പോള് മേശപ്പുറത്തുള്ള പെട്ടിയില്‍ തിരിച്ചെത്തുന്നത് എങ്ങനെയെന്ന് അദ്ദേഹത്തിന് അത്ഭുതമായിരുന്നു. ഇതിനെ തുടര്‍ന്ന് സിസിടിവി ഘടിപ്പിച്ചപ്പോഴാണ് ആളെ കണ്ടെത്തിയത്. അതൊരു എലിയായിരുന്നു. റോഡ്നി ഹോള്‍ബ്രൂക്കിന്റെ മേശപ്പുറത്ത് ഒരു വലിയ ബാസ്കറ്റും മേശപ്പുറം നിറയെ അല്ലറചില്ലറ വസ്തുക്കളും കൊണ്ട് നിറച്ച അവസ്ഥയിലായിരുന്നു. മേശപ്പുറത്തേക്ക് തിരിച്ച് വച്ച ഒരു സിസിടിവി ക്യാമറയില്‍ ഒരു എലി പ്രത്യക്ഷപ്പെടുകയും മേശപ്പുറത്ത് നിന്ന് ഓരോ വസ്തുക്കളായി കടിച്ചെടുത്ത് ബാസ്ക്കറ്റിലേക്ക് കൊണ്ടിടുന്നു. ഇത്തരത്തില്‍ എലി മേശപ്പുറം മുഴുവനും വൃത്തിയാക്കുന്നു. രാത്രിയില്‍ അലങ്കോലമാക്കപ്പെട്ട മേശപ്പുറം രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ 'ക്ലീന്‍'. വീഡിയോ ഗാര്ഡിയന് യൂറ്റിയൂബില്‍ പങ്കുവച്ചു.
'വെല്‍ഷ് ടിഡി മൗസ്' എന്നാണ് ഹോള്‍ബ്രൂക്ക് ഈ എലിക്ക് നല്കിയ പേര്. ബ്രൂക്ക് ബിബിസിയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ഇത് മാസങ്ങളായി നടക്കുന്നു. വെല്‍ഷ് ടിഡി മൗസ് (ണലഹവെ ഠശറ്യ ങീൗലെ) എന്ന് ഞാന്‍ അവനെ വിളിക്കുന്നു. ആദ്യം, പക്ഷികള്‍ക്കായി വെച്ചിരുന്ന ചില ഭക്ഷണങ്ങള്‍ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പഴയ ഷൂവിന്റെ ഉള്ളിലെത്തുന്നത് ശ്രദ്ധിച്ചു. അങ്ങനെ ഞാന്‍ ഒരു ക്യാമറ വച്ചു.' എന്നാണ്. 'എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എലി അടുക്കി വയ്ക്കുന്നത് ഞാന്‍ കണ്ടു, എല്ലാ സാധനങ്ങളും അവന് പെട്ടിയിലേക്ക് മാറ്റി വച്ചു. പ്ലാസ്റ്റിക് കഷണങ്ങള്‍, നട്ട്സ്, ബോള്‍ട്ടുകള്‍ എല്ലാം. ഞാന്‍ ഇപ്പോള്‍ മേശപ്പുറം വൃത്തിയാക്കാന്‍ മെനക്കെടാറില്ല. എല്ലാം അവന് നോക്കുമെന്ന് എനിക്കറിയാം. നൂറില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും എലി അത് വൃത്തിയാക്കിയിടും.' വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത് എലിക്ക് ഒസിഡി പ്രശ്നമാണെന്നായിരുന്നു.






