
ലോകകപ്പിന് പിന്നാലെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു നാഴികക്കല്ല്. ടി 20 മത്സരങ്ങളില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന ആദ്യ മത്സരം രോഹിതിന്റെ 149 ാമത്തെ മത്സരമാണ്. പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചാല്‍ ടി20 യില്‍ 150 മത്സരങ്ങള്‍ തികയ്ക്കുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മാറും. മൂന്ന് മത്സരങ്ങളാണ് അഫ്ഗാനിസ്ഥാന് പരമ്പരയിലുള്ളത്.
2022 ടി20 ലോകകപ്പിന് ശേഷം ഇതുവരെ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത രോഹിത് തന്നെയാണ് ടീമിനെ നയിക്കുന്നതും. 2023 ല്‍ ഏകദിനത്തിലും ടെസ്റ്റിലുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രദ്ധ വെച്ചിരുന്നത്. അതുകൊണ്ടു തന്നെ കുട്ടിക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പരമ്പരയ്ക്ക് പിന്നാലെ ജൂണില്‍ ഇന്ത്യ ടി20 ലോകകപ്പിനായി പോകുന്നുണ്ട്. ലോകകപ്പ് ലക്ഷ്യം വെച്ചാണ് രോഹിത് അഫ്ഗാനിസ്ഥാന് പരമ്പരയില്‍ കളിക്കുന്നത്. പരമ്പരയിലെ മൂന്ന് മത്സരം കളിക്കാനായാല്‍ രോഹിതിന്റെ അക്കൗണ്ടില്‍ 151 മത്സരങ്ങളാകും.
നിലവില്‍ ടി20 മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള താരം രോഹിതാണ്. അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഇപ്പോള്‍ 148 മത്സരങ്ങളായി. പരമ്പരയിലെ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ തന്നെ ടി20 യില്‍ 150 മത്സരങ്ങളെന്ന നാഴികക്കല്ല്് രോഹിതിനെ തേടിയെത്തും. 2007 ല്‍ ട്വന്റി20 മത്സരത്തിനായി ആദ്യം ഇറങ്ങിയ ഈ വലംകയ്യന്‍ ബാറ്റ്സ്മാന് ആദ്യത്തെ ആറു വര്‍ഷം ടീമിന് പുറത്തായിരുന്നു. 2013 ല്‍ ടീമില്‍ തിരിച്ചെത്തിയ രോഹിത് അതിന് ശേഷം തന്റെ സ്ഥാനം ടീമില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. 2021 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ നായകനായിക്കൊണ്ടാണ് രോഹിത് ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്തത്.
അയര്‍ലന്റിന്റെ പോള്‍ സ്റ്റര്‍ലിംഗാണ് രോഹിതിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ടി20 കളിച്ചവരില്‍ രണ്ടാമന്. 134 മത്സരങ്ങളില്‍ സ്റ്റെര്‍ലിംഗ് കളിച്ചിട്ടുണ്ട്. 128 മത്സരങ്ങള്‍ കളിച്ച ജോര്‍ജ്ജ് ഡോക്രല്‍, 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷുഹൈബ് മാലിക്ക്, 122 മത്സരം കളിച്ച മാര്ട്ടിന് ഗുപ്റ്റില്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നില്ക്കുന്നവര്. ഇന്ത്യന്‍ പട്ടികയില്‍ രോഹിതിന് പിന്നാില് 115 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. രോഹിതിന് പുറമേ ഇന്ത്യയുടെ സീനിയര്‍ താരം കോഹ്ലിയും ടീമിലെത്തിയിട്ടുണ്ട്.






